ചേരാനല്ലൂര്‍ വാഹനാപകടം:17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ്റെ ഹർജികൾ പരിഗണിക്കുന്നത് മാറ്റി

Global Indian Writer · October 28, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍റേയും മരിച്ച ജയബാലകൃഷണന്‍റെ കുടുംബത്തിന്‍റേയും ഹരജികൾ പരിഗണിക്കുന്നത് മാറ്റി. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളത്തെ സ്ത്രീകളുടേയും കുട്ടികളുടേയും പ്രത്യേക കോടതിയുടേതാണ് ഹരജികൾ പരിഗണിക്കുന്നത്. ചേരാനല്ലൂരിൽ 56കാരന്‍റെ ജീവനെടുത്ത അപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു. മനപ്പൂർവമുള്ള നരഹത്യാ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു നടപടി. ഇതിനെതിരെ ജയബാലകൃഷ്ണന്‍റെ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് പ്രതിക്ക് ജാമ്യം നൽകിയത് അന്വേഷണം ദുർഘടമാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡ്രൈവിങ് പഠിക്കാൻ അനുമതിയില്ലാത്ത 17കാരൻ എങ്ങനെയാണ് 102 കിലോമീറ്റർ വേഗതയിൽ കാറോടിച്ചതെന്നും പ്രോസിക്യൂഷൻ ചോദിച്ചു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് മാധ്യമശ്രദ്ധ വന്നതിന് ശേഷം മാത്രമാണെന്നും ഇത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചോദിക്കുകയുണ്ടായി.

Share this story

Leave a Comment

Your comment will be visible after admin approval.