കഴിഞ്ഞ സർക്കാർ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലയെന്ന് പിണറായി വിജയൻ

Global Indian Writer · September 10, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും പിണറായി പറഞ്ഞു.


മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് ഇരുപത്തിയഞ്ചോ അതില്‍ താഴെയോ ആയിരുന്നു പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നീ നാല് മന്ത്രിമാര്‍ മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാന്‍ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്ന് പിണറായി ചോദിച്ചു. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.