മുന്‍ ആരോഗ്യമന്ത്രി വീണാജോർജിനെ ആക്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവർത്തകർക്ക് എസ്.ഐ.ടിയുടെ ക്ലീന്‍ ചിറ്റ്. വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുൻമന്ത്രിയും ഗൺമാനും പ്രശ്നം പെരുപ്പിച്ച് കാണിച്ചുവെന്നും പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്ത് എത്താന്‍പോലും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്പ്പെട്ടതിനാലാണ് വീണാജോര്‍ജിന് കഴുത്തുവേദന ഉണ്ടായത്. മന്ത്രിക്ക് പുറത്ത് പരുക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
നേരത്തെ കേസില്‍ എസ്ഐ ദീപ്തി മൊഴിമാറ്റിയിരുന്നു. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് എസ്ഐ ദീപ്തിയുടെ അന്വേഷണ സംഘത്തോട് പറഞ്ഞത്. തന്റെ പേരില്‍ കള്ളമൊഴി എഴുതിച്ചേര്‍ത്തുവെന്നും ദീപ്തി എസ്ഐടിക്ക് മൊഴി നല്കി. എസ്ഐ ദീപ്തിക്കായിരുന്നു അന്ന് മന്ത്രിയുടെ സുരക്ഷാച്ചുമതല.
വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് താന്‍ മൊഴി നല്‍കിയത് വീണാ ജോർജ് ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും അഭിലാഷ് എസ്ഐടിയെ അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Leave a Comment
Your comment will be visible after admin approval.