കാസര്‍കോട്: കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പില്‍ എംപിയെ കടന്നാക്രമിച്ച് വീണ്ടും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും രാഹുൽ, ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത് നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരോക്ഷമായി പറഞ്ഞു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’ കാസർകോട് എംപി പറഞ്ഞു. ശിഷ്യനും ആശാനും കുടുങ്ങുന്ന പലതും തന്റെ ഡയറിയിലുണ്ട്. ഷാഫി ‘എ’ ഗ്രൂപ്പുകാരനല്ല. ഷാഫി ‘എ’ ഗ്രൂപ്പെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണ്. ജെ.എസ് അഖിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശം ഷാഫി അട്ടിമറിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ, മിണ്ടാത്തവരാണ് ഇന്ന് അനുയായികൾ എന്ന് പറഞ്ഞ് നടക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ ഞാനും സിദ്ദീഖും മാത്രമാണുണ്ടായിരുന്നത്. തന്നെ പ്രകോപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. താൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Leave a Comment
Your comment will be visible after admin approval.