ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്ന് പിണറായി വിജയൻ

Global Indian Writer · September 12, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. മൂന്നു കോടതികൾ പരിശോധിച്ച അതേ ആരോപണങ്ങൾ പുതിയ പേരിലും ഉയർത്തുന്നത് എന്തിനാണ്? ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയിൽ നിരപരാധിത്വം തെളിയിക്കണം? വീണയുടെ കൈയിൽ നിന്നു ഡയറി കണ്ടെത്തി എന്നത് ശുദ്ധ അസംബന്ധം. പി വി എന്നത് താൻ അല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണ ഏജൻസി ഒരു അന്തസ്സ് കാണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നു. ഡിജിപിക്ക് നൽകിയ കത്തിലെ വിവരങ്ങള്‍ വിവരങ്ങൾ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ല. സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺ​ഗ്രസും കൈകോർത്തിരിക്കുകയാണ്. തനിക്കെതിരായ ഇഡിയുടെ നീക്കം സിപിഎമ്മിനെ തകർക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ അജണ്ടയാണ്. അതിന് ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണ്. തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട. മനുഷ്യത്വരഹിതമായ ആക്രമണമാണ് പാർട്ടി സെക്രട്ടറി ആകും മുൻപ് മുതൽ തനിക്ക് നേരെ ഉണ്ടായത്. 2016ൽ അധികാരത്തിൽ വന്നപ്പോഴും ഇതേ കടന്നാക്രമണങ്ങൾ ഉണ്ടായി.

സേവനം നൽകാതെ എക്സാലോജിക്കിന് സിഎംആർഎൽ പണം നൽകിയെന്നായിരുന്നു ഇഡിയുടെ ആദ്യത്തെ ആരോപണമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. എന്നാൽ ഇപ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങൾ ഇഡി പറയുന്നു. എക്സാലോജികിന് പണം നൽകിയത് കൈക്കൂലിയെന്നാണ് പുതിയ ഭാഷ്യം. സിഎംആര്‍എല്ലിന് എന്ത് വഴിവിട്ട സഹായമാണ് താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നൽകിയത്? കേരള ഹൈക്കോടതി തന്നെ തെളിവില്ലെന്ന് പറഞ്ഞതാണ് ഇക്കാര്യം. ഇഡിയുടെ അന്വേഷണം തന്നിലേക്ക് എത്തിച്ച് അതുവഴി പാർട്ടിയെ തകർക്കാനാണ് ശ്രമം. ഇഡി കണ്ടെത്തൽ വീണ സമ്മതിച്ചെന്ന് പറയുന്നത് ശുദ്ധനുണയാണ്. ഉണ്ടയില്ലാ വെടി കേട്ട് ഞെട്ടുമെന്ന് കരുതേണ്ട. സിപിഐ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, സിപിഐ എന്തുകൊണ്ട് പറയുന്നില്ലെന്ന് തനിക്ക് പറയാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.