Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEditor's choice'പ്രത്യാശയുടെ പുതുവര്‍ഷം', അനു ചന്ദ്ര

‘പ്രത്യാശയുടെ പുതുവര്‍ഷം’, അനു ചന്ദ്ര

അനു ചന്ദ്ര

ജീവിതത്തെ അല്പം കൂടി ഗൗരവത്തോടെ സമീപിക്കണമെന്ന ചിന്തയിലാണ് എല്ലാവര്‍ഷവും ആരംഭിക്കാറുള്ളത്. സംഗതി രസമാണ്. തയ്യാറെടുപ്പുകളൊക്കെ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങും. നല്ലത് മാത്രം ചെയ്യണമെന്നും ലക്ഷ്യങ്ങള്‍ കീഴടക്കണമെന്നും മറ്റുള്ളവരുമായുള്ള മനോഭാവം നല്ല രീതിയില്‍ വളര്‍ത്തിയെടുക്കണമെന്നുമൊക്കെ ചിന്തിച്ചുകൂട്ടി നൂറുതരം പദ്ധതികളാണ് ഒരുക്കിയെടുക്കുക. അങ്ങനെ നിറഞ്ഞ പ്രത്യാശയോടെ പ്രതീക്ഷയോടെ പുതുവര്‍ഷത്തെ പുഞ്ചിരിച്ചു കൊണ്ട് വരവേല്‍ക്കും. പക്ഷേ എല്ലാ വര്‍ഷത്തെയും പോലെ  ഏതെങ്കിലും ഒരു നിമിഷം വെച്ച് എവിടെയെങ്കിലും വെച്ച് കണക്കുകൂട്ടലുകള്‍ ആകെ പിഴയ്ക്കും. പിന്നെ മൊത്തത്തില്‍ ഒരു നെട്ടോട്ടമാണ്. ജീവിതം ഏത് അറ്റത്തുനിന്ന് ഏത് അറ്റം വരെ കരുപിടിപ്പിക്കണമെന്നറിയാത്ത, പൊല്ലാപ്പുകള്‍ കൊണ്ടുള്ള ബദ്ധപ്പാടായി മാറും ആ വര്‍ഷം.  

അങ്ങനെ എങ്ങനെയെങ്കിലും വര്‍ഷമൊക്കെ ഒന്ന് അവസാനിച്ചു അടുത്തവര്‍ഷം കുറേക്കൂടി മികച്ചതാക്കാമെന്ന് ചിന്തിക്കും. അവിടെയും രക്ഷയുണ്ടാവില്ല. എന്നാല്‍, പതിവ് വാര്‍ഷിക സുഗമമായ തീരുമാനങ്ങള്‍ എടുത്തു, ആദ്യത്തെ ഒരാഴ്ച കൊണ്ട് നന്നായി, അടുത്ത ആഴ്ച മുതല്‍ തകിടംമറിയുന്ന  ആ ഒരു കാലത്ത് നിന്ന് അല്പം വ്യത്യസ്തമായി ഈ പുതിയ വര്‍ഷം എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. കാരണം തലങ്ങും വിലങ്ങും ആലോചിച്ചു നോക്കി. ആദ്യമൊന്നും എളുപ്പത്തില്‍ ഉത്തരം കിട്ടിയില്ല. ഒടുവില്‍ പതിയെയാണെങ്കിലും ഉത്തരത്തിലേക്കും കടന്നു. അതെന്താണെന്നോ, എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറുതെ കടന്ന് പോകുന്ന ഒരു പുതുവര്‍ഷം മാത്രമല്ല എന്നത് തന്നെ. ഇതെന്റെ മുപ്പത്തുകളിലേക്കുള്ള ഒരു കുതിച്ചുകയറല്‍ കൂടിയാണ്.

മുപ്പതിന്റെ കാഴ്ചപ്പാടില്‍, പരാജയത്തിന്റെ മാനസിക നില തകരാറുകളുള്ള ആ പഴയ കാലങ്ങളെ ഉപേക്ഷിക്കേണ്ട വര്‍ഷമാണ് എന്നുള്ള ബോധ്യമുള്ള ഒരു പുതിയ വര്‍ഷം കൂടിയാണ്. ഇനിയെങ്കിലും ജീവിതത്തെ സക്‌സസ് എന്ന ചവിട്ടുപടിയിലേക്ക് പിടിച്ചുയര്‍ത്തേണ്ട വര്‍ഷമാണെന്നുള്ള തിരിച്ചറിവ് കൂടിയാണ് ഇപ്പോഴുള്ളത്. ആ ബോധ്യം  തന്നെയാണ് ഇപ്പോഴത്തെ എന്റെ മുതല്‍ക്കൂട്ട്.  എല്ലാ ഡിസംബര്‍ 31-നും ഞാന്‍ എന്നോടു പറയുന്ന വാക്കായ നാളെ മുതല്‍ ഡയറി എഴുതുമെന്ന സ്വയം പ്രതിജ്ഞ പോലും ഇപ്പോള്‍ എനിക്കില്ല. പക്ഷേ ജീവിതത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ട്. മുന്‍പിലേക്കുള്ള വര്‍ഷങ്ങളിലേക്ക് നോക്കുമ്പോള്‍ എന്തെല്ലാം ചെയ്‌തെടുക്കണം എന്നുള്ള വലിയ തിരിച്ചറിവുമുണ്ട്. അത്തരം അടയാളപ്പെടുത്തലുകളെല്ലാം  ഡയറിയില്‍ ഇല്ലെങ്കിലും മനസ്സില്‍ ഉണ്ട്. അല്ലെങ്കിലും മനുഷ്യര്‍ ജീവിതത്തെ ഏറ്റവും ഗൗരവമായി കാണാന്‍ പഠിച്ചു വരുന്നത്  അവരുടെ മുപ്പതുകളിലാണെന്ന് തോന്നുന്നു. ജീവിതത്തെ കുറിച്ചുള്ള തിരിച്ചറിവുകള്‍, ചുറ്റുപാടുകളെ ഫില്‍ട്ടര്‍ ചെയ്യാനുള്ള  പ്രാപ്തി,  കൈ നിറയെ അനുഭവസമ്പത്തുകള്‍, എല്ലാത്തിനും ഉപരി  ജീവിതം സെറ്റ് ചെയ്ത് എടുക്കേണ്ടത് ഏറ്റവും വലിയ അനിവാര്യത ആണെന്നുള്ള തിരിച്ചറിവ് ഇത്രയുമാണ് ഈ യുവത്വത്തിന്റെ  തിരിച്ചറിവുകള്‍.  കാരണം മുന്‍പിലേക്കുള്ള വര്‍ഷങ്ങളില്‍ കളിച്ചിരികള്‍ മാത്രമല്ല പ്രധാനം. അവനവന്റെ നിലനില്‍പ്പിനെ കാത്തുസൂക്ഷിക്കുന്നതില്‍ പോലും അങ്ങേയറ്റം ഉത്തരവാദിത്വം സ്വാഭാവികമായും വന്നു പോകുന്ന  ഒരു കാലഘട്ടം കൂടിയാണത്. അതുകൊണ്ടുതന്നെ ജീവിതത്തിന് ഒന്നു മുതല്‍ വീണ്ടും അടിത്തറ കെട്ടിത്തുടങ്ങേണ്ടത് ഏറ്റവും പ്രധാനം കൂടിയാകുന്ന ഒരു വര്‍ഷമാണിത്.

അതോടൊപ്പം  ജീവിതം മുപ്പതുകളിലെത്തി എന്നു പറയുമ്പോള്‍  പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആരോഗ്യം കൂടിയാണെന്ന് മനസ്സ് പറയുന്നു. എല്ലാ പുതുവര്‍ഷ തീരുമാനങ്ങളിലെ ലിസ്റ്റിലും നമ്മള്‍ കാര്യമായി ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണത്. പുതുവര്‍ഷ പ്രതിജ്ഞകളില്‍ ഇടംപിടിക്കേണ്ട ഒന്ന് തന്നെയാണ്  ആരോഗ്യ കാര്യത്തിലുള്ള നമ്മുടെ ശ്രദ്ധയും എന്നാണ് ഞാനിപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നത്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും ഇല്ലെങ്കില്‍  ഇനി കാര്യം അല്പം  ഗുരുതരമാവുമെന്നു തിരിച്ചറിയേണ്ടതും അതിനെ ശ്രദ്ധിക്കേണ്ടതും ഗൗരവകരമാണെന്ന്  ഈ മുപ്പതുകളിലേക്ക് കയറുമ്പോള്‍ തിരിച്ചറിയുന്നു. പഠനവും ജീവിതത്തിലെ കളി തമാശകളും കൂട്ടുകെട്ടുകളും എല്ലാം മറികടന്ന്  ഉത്തരവാദിത്തങ്ങള്‍ ജീവിതത്തില്‍ കൂടുതലായി വരുന്നത് കൊണ്ട് തന്നെ സാമ്പത്തിക അച്ചടക്കത്തെ കുറിച്ചും കുറച്ചു കൂടുതല്‍ ജാഗ്രത വയ്‌ക്കേണ്ട വര്‍ഷവുമാണ്. അതുകൊണ്ട് എല്ലാം തന്നെ ഈ വര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം പ്രതിജ്ഞയുടേതല്ല, തിരിച്ചറിവിന്റേതാണ്. ജീവിതത്തിന് അടിത്തറ ഇടേണ്ടത്  അനിവാര്യമാണെന്ന് തിരിച്ചറിവിന്റെ, അതിനായുള്ള തുടക്കത്തിന്റെ പുതിയ വര്‍ഷം.

തിരിച്ചറിവുകളില്‍ നിന്നും പുതിയ പ്രതീക്ഷകളില്‍ നിന്നും  ഞാനെന്റെ പുതുവത്സരാശംസകള്‍ നിങ്ങള്‍ക്കും നേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments