Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEditor's choiceദൈവത്തെയും മാമോനെയും സേവിക്കുന്നവർ - ലേഖനം

ദൈവത്തെയും മാമോനെയും സേവിക്കുന്നവർ – ലേഖനം

ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഒരാൾക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ല. സാത്താനെയും ദൈവത്തെയും ഒരേ സമയം ആരാധിക്കാൻ കഴിയില്ല. ഇത് പറഞ്ഞത് യേശുക്രിസ്തുവാണെങ്കിൽ ആ ക്രിസ്തുവിന്റെ സഭയിലെ ചില വൈദികർക്കും മെത്രാൻമാർക്കും രണ്ടിൽ കൂടുതൽ യജമാനന്മാരെ സേവിക്കാനും ദൈവത്തെ പരസ്യമായും സാത്താനെ രഹസ്യമായും സേവിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ രണ്ട് വൈദികരുടെ രാഷ്ട്രീയ  പ്രവർത്തനം. രണ്ട് വള്ളത്തിൽ ചവിട്ടി പോകാൻ കഴിയില്ലെന്ന് പഴമക്കാർ പറയുമെങ്കിലും കാലിന്റെ എണ്ണമനുസരിച്ച് എത്ര വള്ളത്തിൽ വേണമെങ്കിലും കയറാമെന്ന് അവർ തെളിയിച്ചു കൊടുക്കും. ചുരുക്കത്തിൽ വൈദീക പദവി അലങ്കാരവും ആദായവും രാഷ്ട്രീയ പ്രവർത്തനം ഒരു സംരക്ഷണവും ആയി കേരളത്തിലെ ചില വൈദീകർ കണ്ടു തുടങ്ങിയെന്നു വേണം കരുതാൻ. അതിൻെറ തുടക്കമാണ് ഇവർ എന്ന് വേണം പറയാൻ.

ഓർത്തഡോക്സ് സഭയിലെ രണ്ട് വൈദീകർ തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യമാക്കുകയും അത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തതാണ് ഇത് പറയാൻ കാരണം. രഹസ്യമായി പല മെത്രാൻമാരും വൈദീകരും രാഷ്ട്രീയ പാർട്ടികളെ പിന്തുണക്കുന്നുണ്ട്. എന്നാൽ ഇത്ര പരസ്യമായി ആരും രംഗത്തുവന്നിട്ടില്ല.  അതിനുകാരണം സമൂഹം അവരെ വിമർശിക്കുമെന്നതു തന്നെയാണ്. വൈദീകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് ആരും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. വടക്കനച്ചൻ കർഷക രാഷ്രീയപാർട്ടിയുമായി രംഗത്തുവന്നിട്ടുണ്ട്. കേരളാകോൺഗ്രസ് പാർട്ടിയെ ചില വൈദീകരും മെത്രാൻമാരും പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ അംഗത്വവും ഇടവകയുടെയും  സഭയുടെയും ചുമതലയും  ഒരേ സമയം എടുത്തിട്ടില്ല എന്നതാണ്.  ഈ രണ്ട് വൈദീകർ ഇടവകയുടെ ചുമതല വഹിക്കുന്നതോടൊപ്പം രാഷ്ട്രീയപാർട്ടിയുടെ കൊടിക്കിഴിൽ അണിനിരക്കുന്നതാണ് വിമർശിക്കാൻ കാരണം. 

സഭാ വിശ്വസിക്ക് രാഷ്ട്രീയ പാർട്ടിയിൽ അംഗമാകാമെങ്കിൽ സഭയുടെ നേതൃത്വത്തിൽ ഉള്ള വൈദീകന് എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടിയിൽ അംഗമാകാൻ സാധിക്കാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം സഭയിൽ  വിവിധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ അംഗമായുണ്ട് എന്നതാണ്. സഭയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രണ്ട് ദ്രുവങ്ങളിലാണ്. രാഷ്ട്രീയ നേതാവിനെ സഭയുടെ ചുമതലയും സഭ ചുമതലക്കാരെ രാഷ്ട്രീയ നേതൃത്വത്തിലും ഇരുത്തിയിൽ അവിടെ നിഷ്പക്ഷവും നീതിപൂർവ്വവുമായ പ്രവർത്തിയുണ്ടാകില്ല.   ഒരു മത വിശ്വാസത്തിൽ വ്യത്യസ്ത ആശയക്കാരുണ്ട്. അവരെ നിഷ്പക്ഷമായി നയിക്കുക എന്നതാണ് ആ മതത്തിലെ നേതാവിന്റെ ഉത്തരവാദിത്വം. 

മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയാൽ വെള്ളത്തിൽ എണ്ണ കലർത്തിയപോലെയാണ്. അത് വേറിട്ടു നിൽക്കും. ദൈവത്തിനുള്ളത്      ദൈവത്തിനും സീസറിനുള്ളത് സീസ്സറിനുമെന്ന്  യേശു ക്രിസ്തു പറഞ്‍തുപോലെ സഭയുടെ ജോലിക്കായി നിയോഗിക്കപ്പെട്ടവർ അത് ചെയ്യുക, രാഷ്ട്രീയത്തിനായി നിയോഗിക്കപെട്ടവർ അതിനായി പ്രവർത്തിക്കുക. ഇത് രണ്ടും കൂട്ടിക്കലർത്തുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും ഉടലെടുക്കുന്നത്.

സ്വന്തം താല്പര്യം സംരക്ഷിക്കാനാണ് രാഷ്ട്രീയത്തിൽ മതവും മതത്തിൽ രാഷ്ട്രീയവും കുട്ടികലർത്തുന്നത്. മതത്തെ രാഷ്ട്രീയത്തിന്റെ ആലയത്തിൽ കിട്ടിയിടാനേ അതിനു കഴിയു. ഇങ്ങനെയുള്ളവരെ അതാതിടങ്ങളിൽ നിന്ന് മാറ്റി നിർത്തുക തന്നെ വേണം. ഇല്ലെങ്കിൽ അത്  മതത്തിലും രാഷ്ട്രീയത്തിലും അസ്വാരസ്യങ്ങൾക്കു കാരണമാകും. ഓരോന്നിനും അതിന്റെതായ ഉദ്ധേശവും ലക്ഷയും രീതിയുമുണ്ട്.

രാഷ്ട്രീയ പ്രവേശനത്തിൽ കൂടി വിവാദം സൃഷ്ടിച്ച രണ്ടു വൈദീകരുടെയും പ്രവർത്തി വിമർശനത്തിന് ഇടവരുത്താൻ കാരണം   അവരെ ഏൽപ്പിച്ച ഉത്തരവാദിത്വം അവർ മറന്നു എന്നതുതന്നെ. രണ്ടു വള്ളത്തിൽ കാലുചവുട്ടി പോകാമെന്ന അതിബുദ്ധി കാട്ടാനുള്ള ശ്രമമായിരുന്നു ഇവർ ചെയ്തത്. അത് വിവാദം മാത്രമല്ല പരസ്പ്പരം ചെളിവാരിയെറിയുന്നതിൽ   വരെ എത്തിനിന്നു. അത് അവർ ഉൾപ്പെട്ട സഭയെകൂടി കളങ്കപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്തുയെന്നതാണ് യാഥാർഥ്യം. അങ്ങനെയുള്ളവരെ സഭയുടെ ഉത്തരവാദിത്വത്തിൽ നിന്നും ശ്രുശൂഷകളിൽ നിന്നും മാറ്റി നിർത്തണം. അങ്ങനെയുള്ളവർ സഭയിലുണ്ടായാൽ അവർ വിശ്വാസി സമൂഹത്തെ തങ്ങളുടെ ഭാഗത്തേക്കെ കൊണ്ടുവരാൻ എപ്പോഴും ശ്രമിയ്ക്കും. തങ്ങളുടെ രാഷ്രീയ ആശയം വിശ്വസികളുടെ മേൽ കുത്തിനിറക്കുകയും ചെയ്യുമ്പോൾ അതേ സഭയിൽ ചേരിതിരിവിന് കാരണമാകും. അത് സഭയിൽ പ്രതിസന്ധിയിലേക്ക് വഴിവയ്ക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

ദൈവത്തെയും മാമോനെയും സേവിക്കുന്ന ഇവർ സഭയ്ക്ക് ഒരധികപ്പറ്റുതന്നെയാണ്. അത് ഏതു സഭയിൽ ഉൾപ്പെട്ടവരായാലും. കൂട്ടുകൃഷി പോലെയോ ഇടവിള കൃഷിപോലെയോ അല്ല സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവർ രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നത്. ഒന്നുകിൽ ദൈവത്തെ ആരാധിക്കുക അല്ലെകിൽ മാമോനെ സേവിക്കുക.                     

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments