ഡാലസ് :- കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ 2026 ലെ പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾ സെപ്തംബർ 26 ശനിയാഴ്ച വാഷിങ്ങ്ടൺ ഡിസിയിൽ നടക്കുന്ന ലാന റീജിയണൽ സമ്മേളനത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി. ജെ. ജെയിംസും ചേർന്ന് സമ്മാനിക്കും.
എബ്രഹാം തെക്കേമുറി കഥാ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിൻ്റെ (ഷിക്കാഗോ) ‘അരക്കാലുകളുടെ ലോകത്തെ ശബ്‌ദങ്ങൾ’ എന്ന കഥയ്ക്കും; കവി ജേക്കബ് മനയിൽ കവിതാ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിൻ്റെ (മെറിലാൻ്റ്) ‘പെണ്ണടയാളങ്ങൾ’ എന്ന കവിതയ്ക്കുമാണ്. രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകപ്പെടുന്നത്. ദിവ്യ മേനോൻ്റെ (ഡാലസ്) `അഭിമുഖം’ എന്ന കഥയ്‌ക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നൽകും.
പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ) പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ.
ഇന്ത്യയ്ക്കു പുറത്തുള്ള മലയാളം എഴുത്തുകാർക്കായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി. വി. ജോർജജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
ഏകാകിതയുടെ പാരമ്യതയിൽ ഒരുവൻ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദർഭങ്ങൾ കൈയടക്കത്തോടെ അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്ക്കാരം ലഭിച്ച ‘അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾഎന്നും ; പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചഅഭിമുഖം` അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും, ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദർശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികർത്താവ് വി. ജെ. ജയിംസ് വിലയിരുത്തി.
കവിതകളും മികച്ച നിലവാരം പുലർത്തിയതായി കവിതകളുടെ വിധി കർത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു.
കേരള ലിറ്റററി സൈസൈറ്റിയുടെ പ്രവർത്തനങ്ങളും മറ്റ് കൂടുതൽ വിവരങ്ങളും സെക്രട്ടറി ബാജി ഓടംവേലിയിൽ (915 613 6566) നിന്നും ലഭിക്കും.
ബാജി ഓടംവേലി (സെക്രട്ടറി) 915 613 6566
കേരള ലിറ്റററി സൊസൈറ്റി ഡാലസ്
Leave a Comment
Your comment will be visible after admin approval.