ദോഹ: മരുന്നുകളും മറ്റ് മെഡിക്കൽ സാധനങ്ങളും വീട്ടിൽ എത്തിക്കുന്നതിനുള്ള ഡെലിവറി ഫീസിൽ ഇന്നു മുതൽ മാറ്റം വരുത്തിയതായി ഖത്തർ പോസ്റ്റ്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്‌സിസി) എന്നിവയുടെ പങ്കാളിത്തത്തോടെ ഖത്തർ പോസ്റ്റ് നടത്തുന്ന ഹോം ഡെലിവറി സേവനങ്ങൾക്ക് ജനുവരി ഒന്നു മുതൽ 30 റിയാൽ ഈടാക്കും. മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഹോം ഡോലിവറിക്ക് നിബന്ധന ബാധകമാണെന്നും ഖത്തർ പോസ്റ്റും ഹമദ് മെഡിക്കൽ കോർപറേഷനും ട്വിറ്ററിലൂടെ അറിയിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലത്ത് 2020 ഏപ്രിലിലാണ് ഖത്തർ പോസ്റ്റും എച്ച്എംസിയും സഹകരിച്ച് മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ഹോം ഡെലിവറി സാധ്യമാക്കിയത്. അന്ന് 30 റിയാലായിരുന്നു ഈ സേവനത്തിന് ഖത്തർ പോസ്റ്റ് ഈടാക്കിയിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചെങ്കിലും പദ്ധതിക്ക് ജനങ്ങളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഇത് തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
പിന്നീട് കഴിഞ്ഞ സെപ്റ്റംബറിലാണ് ഹോം ഡെലിവറി ചാർജ് 30 റിയാലിൽ നിന്ന് 20 റിയാസായി കുറച്ചത്. ലോകകപ്പ് കൂടി മുന്നിൽ കണ്ടുള്ളതായിരുന്നു തീരുമാനം. 30 റിയാലിൽ നിന്ന് 20 റിയാലായാണ് ഡെലിവറി ഫീസ് കുറച്ചത്. 2022 അവസാനം വരെ മാത്രമേ ഫീസിളവ് ബാധകമാവൂ എന്ന് നേരത്തേ തന്നെ ഖത്തർ പോസ്റ്റ് അറിയിച്ചിരുന്നു. അതുപ്രകാരമാണ് ജനുവരി ഒന്നു മുതൽ പഴയ ഫീസ് തിരികെ കൊണ്ടുവന്നിരിക്കുന്നത്.