Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊറോണ ; ആശങ്കയായി എക്സ്ബിബി.1.5

കൊറോണ ; ആശങ്കയായി എക്സ്ബിബി.1.5

ന്യൂഡൽഹി : കൊറോണയുടെ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ (ലീനിയേജ്) ഇന്ത്യയിൽ സ്ഥിരീകരിക്കുന്നതു ആശങ്കയാകുന്നു. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാ‍ൽ വരുംദിവസങ്ങളിൽ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു.

യുഎസിൽ വീണ്ടും അതിവേഗ വ്യാപനത്തിനു കാരണമാകുന്ന ഒമിക്രോണിന്റെതന്നെ ‘എക്സ്ബിബി.1.5’ ഉപവിഭാഗത്തിന്റെ സാന്നിധ്യം ഡിസംബറിൽ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ജനിതകമാറ്റങ്ങൾ ഇതിനെ കൂടുതൽ വ്യാപനശേഷിയുള്ളതാക്കിയെന്നാണു പഠനങ്ങൾ. യുഎസിൽ ഡിസംബർ 24 വരെയുള്ള ആഴ്ച ആകെ കേസുകളുടെ 21.7% മാത്രമായിരുന്നു എക്സ്ബിബി.1.5 സാന്നിധ്യം. ഇപ്പോഴത് 40% ആയി. ഇന്ത്യയിലും സിംഗപ്പൂരിലും നേരത്തേ കണ്ടെത്തിയ എക്സ്ബിബി ഉപവിഭാഗത്തിൽ നേരിയ മാറ്റങ്ങൾ സംഭവിച്ചതാണ് എക്സ്ബിബി.1.5.

ഇന്ത്യയിൽ നേരത്തേ വലിയ കോവിഡ് തരംഗത്തിന് ഇടയാക്കിയ ഒമിക്രോൺ വകഭേദത്തിന്റെ ബിജെ.1, ബിഎ.2.75 ഉപവിഭാഗങ്ങൾ ചേർന്നതാണ് എക്സ്ബിബി. ഈ വകഭേദത്തിലൂടെ വീണ്ടും വൈറസ് ബാധയേൽക്കാൻ (റീഇൻഫെക്‌ഷൻ) സാധ്യത കൂടുതലാണെന്ന് ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്. ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനു മുൻപു കോവിഡ് വന്നവർക്കാണു രോഗബാധയ്ക്കു സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്. അതായത്, ഇന്ത്യയിൽ കോവിഡ് തുടങ്ങിയ 2020 ജനുവരി 30 മുതൽ ഒമിക്രോൺ സ്ഥിരീകരിച്ച 2021 അവസാനം വരെ പോസിറ്റീവായവരാണു റിസ്ക് വിഭാഗത്തിൽ.

ഇപ്പോഴും 0.17% മാത്രമാണ് കോവിഡ് സ്ഥിരീകരണ നിരക്ക് എന്നത് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നു. എക്സ്ബിബി വകഭേദം ഭീകരനല്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ വിശദീകരിച്ചെങ്കിലും എക്സ്ബിബി.1.5ന്റെ കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. ഇന്ത്യയിൽ എക്സ്ബിബി സാന്നിധ്യം കാര്യമായി റിപ്പോർട്ട് ചെയ്തതും (വിശേഷിച്ചും ബംഗാൾ, ഒഡീഷ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ) ആശങ്കയായി നിൽക്കുന്നു. അടുത്ത 40 ദിവസം നിർണായകമാണെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ അധ്യക്ഷതയിൽ ഇന്നു യോഗം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments