2024 അവസാനിക്കുമ്പോഴേക്കും ഇന്ത്യന്‍ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാവുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഗോവയിലെ സുവാരി നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യവേയാണ് ഗഡ്കരിയുടെ പ്രഖ്യാപനം.ഗോവയിലെ മോപയില്‍ നിര്‍മിച്ച മനോഹര്‍ രാജ്യാന്തര വിമാനത്താവളം സംസ്ഥാനത്തിന്റെ വളര്‍ച്ചയിൽ നിര്‍ണായകമാവുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഗോവയില്‍ വാട്ടര്‍ ടാക്‌സി ആരംഭിക്കാനുള്ള ആഗ്രഹം അദ്ദേഹം ആവര്‍ത്തിച്ചു. ഗോവയിലെ ക്യാപ്റ്റന്‍ ഓഫ് പോര്‍ട്‌സ് ഓഫിസില്‍നിന്ന് ഇതിന് വേണ്ട അനുമതി കേന്ദ്രത്തിന് ലഭ്യമായിട്ടില്ല. ‘‘തുറമുഖങ്ങളാണ് ഗോവയുടെ ശക്തി. വിമാനത്താവളങ്ങളെ വാട്ടര്‍ ടാക്‌സി വഴി തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനായാല്‍ ഗോവയുടെ വികസനം വേഗത്തിലാവും’’ വാട്ടര്‍ ടാക്‌സി പദ്ധതിയുമായി മുന്നോട്ടു പോവാനാണ് തീരുമാനമെന്നു സൂചിപ്പിച്ച് ഗഡ്കരി പറഞ്ഞു.
ഗോവയിലെ ബംബോലിം മുതല്‍ വെര്‍ന വരെയുള്ള 13.2 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായ തൂക്കു പാലത്തിന്റെ ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്തത്. ആകെ 2530 കോടി രൂപ വകയിരുത്തിയ പദ്ധതിയാണിത്. ബംബോലിം- വെര്‍ന സമീപന റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമാണ് ഇവിടെ നിര്‍മിക്കുന്നതെന്നാണ് ഗോവ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഉത്തര്‍പ്രദേശിലെ റോഡുകളുടെ നിലവാരം നിലവാരം മെച്ചപ്പെടുത്തുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ, ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസിന്റെ 81ാമത് വാര്‍ഷികത്തില്‍ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. അന്ന് യുപിക്കായി ഏഴായിരം കോടി രൂപയുടെ റോഡു നിര്‍മാണ പദ്ധതികളാണ് നിതിന്‍ ഡഗ്ക്കരി പ്രഖ്യാപിച്ചത്. ‘‘അമേരിക്ക ധനികരായതുകൊണ്ടല്ല അമേരിക്കന്‍ റോഡുകള്‍ മികച്ചതായത്. മറിച്ച് അമേരിക്കന്‍ റോഡുകള്‍ മികച്ചതായതുകൊണ്ടാണ് അമേരിക്ക ധനികരായത്’’ എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍.എഫ് കെന്നഡിയുടെ വാക്കുകൾ ഉദ്ധരിച്ച ഗഡ്കരി, 2024 അവസാനിക്കുമ്പോഴേക്കും യു.പിയില്‍ അഞ്ച് ലക്ഷം കോടി രൂപ റോഡ് വികസനത്തിനായി വകയിരുത്തുമെന്ന പ്രഖ്യാപനവും നടത്തി.