റിയാദ്: സൗദിയിൽ മഴ ശക്തമായതോടെ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മദീനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ ഒഴുക്കിൽപ്പെട്ടു . മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ പ്രദേശങ്ങളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും മഞ്ഞു വീഴ്ചയും ശക്തമായി തുടരുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധാഴ്ചയും നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മക്ക, മദീന, ഹായിൽ, തായിഫ്, ജിദ്ദ, മഹ്ദ്, റാബിഗ്, ഹനകിയ, ഖുലൈസ് എന്നിവിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓണ്ലൈൻ വഴി മാത്രമായിരിക്കും പഠനം. കഴിഞ്ഞ ദിവസം മക്കയിൽ പെയ്ത മഴയിൽ നിരവധി സ്ഥാപനങ്ങളിലേക്ക് വെളളം കയറി. മക്കയിലെ കുദായിൽ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വിദേശി ഒഴുക്കിൽപ്പെട്ടു.
പിന്നീട് 13 കിലോമീറ്ററുകൾക്കപ്പുറത്ത് വെച്ച് ഇയാളുടെ മൃതദേഹം കണ്ടെത്തി. മദീനയിൽ ശക്തമായ മഴക്കിടെ വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്വദേശിയും മകനും ഒഴുക്കിൽപ്പെട്ടു. സിവിൽ ഡിഫൻസ് നടത്തിയ തെരച്ചിലിൽ 58 കാരനായ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ബോട്ടുകളും തെർമ്മൽ സെൻസറുകളും ഉപയോഗിച്ച് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മകനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇതിനിടെ വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനവും അതിനകത്തുള്ള യാത്രക്കാരെയും രക്ഷപ്പെടുത്തിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഇതേ സ്ഥലത്ത് വെച്ച് തന്നെ മഴവെള്ളക്കെട്ടിൽ കുടുങ്ങിയ മറ്റൊരാളേയും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
രാജ്യത്തെല്ലായിടത്തും വിവിധ നഗരസഭകൾക്ക് കീഴിൽ കെട്ടി നിൽക്കുന്ന വെളളം വലിച്ചെടുത്തും മറ്റും റോഡുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയണ്. റിയാദിൽ ചില സ്ഥലങ്ങളിൽ ഇന്ന് മഴ പെയ്തു. മക്കയിലും മദീനയിലും ത്വാഇഫിലും ജിദ്ദയിലും ചില ഭാഗങ്ങളിൽ ഇന്നും ഇന്നലെയും മഴ ശക്തമായിരുന്നു.