തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് സെന്ററും സംയുക്തമായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 6 മുതൽ 18 വരെയാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുകയെന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇത് തികച്ചും സൗജന്യമാണ്.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലക്കാർക്കാണ് അവസരം. ജനുവരി 6ന് തിരുവനന്തപുരത്തും ഏഴിന് ആലപ്പുഴയിലും പത്തിന് കോഴിക്കോടും 11ന് കോട്ടയം, മലപ്പുറം ജില്ലകളിലും 12ന് കൊല്ലത്തും 13ന് എറണാകുളം പാലക്കാട് ജില്ലകളിലും 18ന് തൃശൂർ ജില്ലയിലുമാണ് പരിശീലനം. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിവന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ്(NDPREM) പദ്ധതി പ്രകാരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമാണ യൂണിറ്റുകൾ, ബിസിനസ് മേഖല തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.
സ്വയം തൊഴിലോ ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനോ നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനോ 30 ലക്ഷം രൂപ വരെ പദ്ധതിയനുസരിച്ച് വായ്പ അനുവദിക്കും. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം ) ലഭിക്കും. ആദ്യ നാലു വർഷം 3 ശതമാനം പലിശ സബ്സിഡിയും അനുവദിക്കും.
സംരംഭകത്വ അവബോധ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രവാസികൾ 0471- 2329738 എന്ന നമ്പറിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യണം. 8078249505 എന്ന നമ്പറിലും ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org/ndprem, 1800-425-3939 ( ടോൾ ഫ്രീ ).