കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം അതിശക്തമായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ആരോഗ്യ മേഖലയില്‍ അത് നടപ്പിലാക്കാനാവാതെ അധികൃതര്‍. ആരോഗ്യ സേവനങ്ങളില്‍ നൈപുണ്യമുള്ള സ്വദേശികള്‍ ആവശ്യത്തിന് ലഭ്യമല്ല എന്നതാണ് ഇതിന് കാരണം. നിലവില്‍ കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി 38,549 വിദേശികള്‍ ജോലി ചെയ്യുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി അറിയിച്ചു. സ്വദേശികളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് വിദേശി നിയമനത്തിന് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളര്‍ത്തിയെടുക്കുവാനുള്ള ശ്രമത്തിലാണെന്നും മന്ത്രാലയത്തില്‍ മറ്റു മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2017 ലെ സിവില്‍ സര്‍വീസ് കൗണ്‍സിലിന്റെ പതിനൊന്നാം നമ്പര്‍ പ്രമേയം അനുസരിച്ചുള്ള സ്വദേശിവല്‍ക്കരണം നയം മന്ത്രാലയം ഘട്ടം ഘട്ടമായി നടപ്പിലാക്കിവരികയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണമായി നടപ്പിലാക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗം അഹമ്മദ് അല്‍ കന്തരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഭരണപരമായ ജോലികളില്‍ നിന്ന് വിദേശികളെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍, ടെക്നിക്കല്‍, സപ്പോര്‍ട്ടീവ് ഹെല്‍ത്ത് സ്പെഷ്യാലിറ്റി വിഭാഗത്തിലാണ് വിദേശികള്‍ കൂടുതലും ജോലി ചെയ്യുന്നത്. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ മെഡിക്കല്‍ സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചതും എന്നാല്‍ അതിന് അനുസൃതമായി സ്വദേശി ജീവനക്കാരെ കിട്ടാത്തതുമാണ് വിദേശി ജീവനക്കാരെ കൂടുതല്‍ നിയമിക്കേണ്ടി വരുന്നതിന് കാരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ സ്‌പെഷ്യലൈസേഷനുള്ള ജീവനക്കാരെ ആവശ്യപ്പെട്ട് സിവില്‍ സര്‍വീസ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനുസരിച്ച് ജീവനക്കാരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മാന്‍പവര്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. ഇതില്‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്. നേരത്തെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദേശി നിയമനത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആരോഗ്യ മേഖല പോലെയുള്ള പ്രത്യേക തൊഴില്‍ നൈപുണ്യം ആവശ്യമുള്ള മേഖലകളില്‍ യോഗ്യരായ സ്വദേശികളെ കിട്ടാത്തത് പദ്ധതി നടപ്പിലാക്കുന്നതില്‍ തടസ്സമാവുകയായിരുന്നു.