ചണ്ഡീഗഡ്: പഞ്ചാബില്‍ അധികാരത്തിലേറി ഒമ്പത് മാസത്തിനുള്ളില്‍ എഎപി മന്ത്രിസഭയില്‍ നിന്ന് പുറത്തായത് രണ്ട് മന്ത്രിമാരാണ്. ശനിയാഴ്ച മന്ത്രിയായ ഫൗജസിങ് സരാരിയാണ് രാജിവെച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് സരാരിയുടെ വിശദീകരണം.നേരത്തെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജൂലൈയിലാണ് സരാരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്തംബറില്‍ ഇദ്ദേഹത്തിനെതിരായ ഒരു ശബ്ദ സന്ദേശം പുറത്തായിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമാണെന്നാണ് സരാരി അവകാശപ്പെട്ടത്.
ഒരു വര്‍ഷത്തിനിടെ രണ്ട് മന്ത്രിമാര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചത് ആംആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് സംസ്ഥാനത്ത് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വലിയ സംസ്ഥാനങ്ങള്‍ ഭരിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടിക്കും വ്യത്യസ്തമാവാന്‍ കഴിയുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമര്‍ശനം.സരാരിയക്ക് പകരം ആംആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവും പാട്യാല റൂറല്‍ എംഎല്‍എ ഡോ ബല്‍ബീര്‍ സിംഗ് മന്ത്രിയായി ചുമതലയേറ്റു. നേത്ര രോഗ വിദഗ്ധന്‍ കൂടിയായ സിംഗ് കോണ്‍ഗ്രസ് നേതാവ് മോഹിത് മോഹിന്ദ്രയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്.