റിച്ച്മണ്ട്: അമേരിക്കയിൽ ആറുവയസുകാരൻ ക്ലാസ്റൂമിൽ ടീച്ചർക്കു നേരേ നിറയൊഴിച്ചു. വിർജീനിയ സംസ്ഥാനത്ത് ന്യൂപോർട്ട് ന്യൂസ് നഗരത്തിൽ റിക്നെക്ക് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. മുപ്പതിനടുത്തു പ്രായമുള്ള അധ്യാപികയ്ക്കാണു വെടിയേറ്റത്. ഇവരുടെ നില ഗുരുതരമാണ്.
അധ്യാപികയും കുട്ടിയും തമ്മിലുള്ള വഴക്കിനൊടുവിലാണ് വെടിയുതിർക്കപ്പെട്ടതെന്നു പോലീസ് അറിയിച്ചു. കുട്ടിക്കു തോക്ക് ലഭിച്ചത് എങ്ങനെയാണെന്നു വ്യക്തമല്ല. കൈത്തോക്കാണ് ഉപയോഗിച്ചത്. 550 പേർ പഠിക്കുന്ന സ്കൂളിൽ മെറ്റൽ ഡിറ്റക്ടർ സംവിധാനത്തിനു പുറമേ എല്ലാ വിദ്യാർഥികളെയും ഇടയ്ക്കിടെ പരിശോധിക്കുന്ന പതിവുമുണ്ട്.