പാലക്കാട് : പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പെഴുതിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച പരിസ്ഥിതി പ്രവർത്തകൻ മരിച്ചു. ഫൊട്ടോഗ്രാഫർ കൂടിയായ കെ.വി. ജയപാലൻ ആണ് മരിച്ചത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ആരും തയാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും കാണിച്ച് ഇദ്ദേഹം സുഹൃത്തുക്കൾക്ക് കുറിപ്പ് എഴുതി അയച്ചശേഷമാണ് ജീവനൊടുക്കിയത്.
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് ജയപാലൻആറാം തീയതിയാണ് ജയപാലൻ കുറിപ്പ് അയച്ചത് വിഷം കഴിച്ചനിലയിൽ വെള്ളിയാഴ്ച ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിഷം കഴിച്ചശേഷം മക്കളോടൊപ്പം സമയം ചെലവഴിച്ചപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതേത്തുടർന്നാണ് വീട്ടുകാർ വിവരമറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു.
സുദീർഘമായ കുറിപ്പാണ് ജയപാലൻ സുഹൃത്തുക്കൾക്ക് അയച്ചത്. ഇവരിത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. നിങ്ങൾക്കിത് ആത്മഹത്യയാകാം, എനിക്കിത് അപേക്ഷയാണെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. പശ്ചിമഘട്ടം നമ്മുടെ പോറ്റമ്മയാണ്. പോറ്റമ്മയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും വേണം. സർക്കാരുകളിൽ പൂർണവിശ്വാസം അർപ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിലൂടെ പറഞ്ഞു.