കൊച്ചി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം. ഷാഫിയുടേതു വെറും ഷോ മാത്രമാണെന്നും പ്രവർത്തനമില്ലെന്നുമാണ് അംഗങ്ങൾ ആരോപിച്ചത്. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുകയാണ്. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് നിലപാട് എടുക്കാറില്ലെന്നും വിമർശനം ഉയർന്നെന്നാണു റിപ്പോർട്ട്. എ ഗ്രൂപ്പും സുധാകര വിഭാഗവുമാണു ഷാഫിക്കെതിരെ കലാപക്കൊടി ഉയർത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി ഷാഫി രംഗത്തെത്തി. ‘‘കമ്മിറ്റിയിലെ പോരായ്മകൾ ചർച്ചയായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അധ്യക്ഷ സ്ഥാനം ഒഴിയാൻ ഞാൻ തയാറാണ്. ഇനി മുന്നോട്ട് പോകാനാകില്ല. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമിൽ ചുമതലയിൽ ഉണ്ടാവില്ല.’’– ഷാഫി വ്യക്തമാക്കി.
സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണു ഷാഫിക്കെതിരെ വിമര്‍ശനമുണ്ടായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ വലിയ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തിലും സംഘടന നിർജീവമായിരുന്നു എന്നായിരുന്നു ആരോപണം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫിയും യോഗത്തിൽ ഉന്നയിച്ചു.