കുട്ടനാട് സിപിഐഎമിൽ കൂട്ടരാജി. ഏരിയാ കമ്മറ്റി നേതൃത്വവുമായുള്ള തർക്കത്തെ തുടർന്നാണ് രാജി. ഏകദേശം 250ലധികം പ്രവർത്തകരാണ് രാജി സന്നദ്ധത അറിയിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പുളിങ്കുന്ന്, രാമങ്കരി പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ രാജി. പുളിങ്കുന്നം ഏരിയ കമ്മറ്റിയിലെ എല്ലാവരും തന്നെ രാജി വച്ചു. ആറോളം ലോക്കൽ കമ്മറ്റികളിൽ നിന്നാണ് രാജി.
പുതിയ നേതൃത്വം പഴയകാല നേതാക്കളെ വെട്ടിനിരത്തുന്ന ഒരു സമീപനം സ്വീകരിക്കുന്നുണ്ട് എന്ന് രാജിവച്ചവർ പറയുന്നു. പാർട്ടിയെ തെറ്റുതിരുത്തലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് പരിഗണിക്കുന്നില്ല. പുതിയ ആളുകൾക്ക് കൂടുതൽ പരിഗണന നൽകുന്നു എന്നുള്ളതാണ് ഈ രാജിവെച്ച ആളുകൾ ആരോപിക്കുന്നത്. ഇന്നലെ കുട്ടനാട്ടിലെ രാജിയുമായി ബന്ധപ്പെട്ടുള്ള വിഷയം ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തിരുന്നു. ആ സമയത്താണ് ഒരു അനുരഞ്ജന യോഗം ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നടത്താൻ തീരുമാനിച്ചത്. മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ നാളെ അനുരഞ്ജന യോഗം നടക്കും.
കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിലുള്ള അസ്വാരസ്യങ്ങൾ കുട്ടനാട്ടിലെ സിപിഐഎമിന് ഇടയിൽ ഉണ്ടായിരുന്നു. അത് പലകുറിയായി ആരും പരസ്യ പ്രതിഷേധത്തിന് തയ്യാറായില്ലെങ്കിൽ പോലും പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായി. പക്ഷേ ആ സമയത്തൊന്നും സിപിഐഎമിൻ്റെ ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെട്ടില്ല എന്നൊരു വിമർശനം ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നുവന്നു. ഇതിനു പിന്നാലെയാണ് അനുരഞ്ജന യോഗം തീരുമാനിച്ചത്.