കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കുവൈത്ത്. ‘വേജ് പേയ്‌മെന്റ് ആന്റ് പ്രൊട്ടക്ഷൻ സിസ്റ്റം’ സെപ്തംബർ അവസാനത്തോടെ ആരംഭിക്കും. കുവൈത്തി പൗരന്മാരും പ്രവാസികളും ഉൾപ്പെടെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും സംവിധാനം ബാധകമായിരിക്കും.
പുതിയ ഇലക്ട്രോണിക് സംവിധാനം കുവൈത്ത് സെൻട്രൽ ബാങ്കാണ് നടപ്പാക്കുന്നത്. പ്രാദേശിക ബാങ്കുകൾ വഴിയുള്ള ശമ്പള വിതരണം ഒരൊറ്റ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും. തൊഴിൽ കരാറിലെ ശമ്പളത്തുകയും കൈമാറുന്ന തുകയും തമ്മിൽ ഒത്തുനോക്കും. ഇതോടെ ശമ്പള വിതരണം തത്സമയം നിരീക്ഷിക്കാനും നിയമലംഘനങ്ങൾ നേരത്തെ കണ്ടെത്താനും സാധിക്കും. ചെറിയ കമ്പനികൾ മുതൽ വലിയ സ്ഥാപനങ്ങൾ വരെ സംവിധാനത്തിന്റെ പരിധിയിൽ വരും.
ശമ്പള വിതരണത്തിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ബാങ്കിങ് സേവനങ്ങളുടെയും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളുടെയും ഉപയോഗം വർധിപ്പിക്കാനും ഇത് സഹായിക്കും. പുതിയ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ പ്രാദേശിക ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകി.
Leave a Comment
Your comment will be visible after admin approval.