ഹോങ്കോങ്∙ ഹോങ്കോങ് മോഡലും ഇൻഫ്ലുവൻസറുമായ എബി ചോയിയുടെ ശരീര ഭാഗങ്ങൾ റഫ്രിജറേറ്ററിലും ചട്ടിയിലും കണ്ടെത്തിയ സംഭവത്തിൽ മുൻ ഭർത്താവ് അലക്സ് ക്വാങ്, സഹോദരൻ ആന്റണി ക്വാങ്, പിതാവ് ക്വാങ് കൗ എന്നിവർ കോടതിയിൽ ഹാജരായി. എബി ചോയിയുടെ ശരീര ഭാഗങ്ങൾ മൂന്ന് വർഷം മുൻപാണ് വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകം, മൃതദേഹം നിയമാനുസൃതമായി സംസ്കരിക്കുന്നത് തടഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകക്കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.
മുഖം മറച്ചാണ് പ്രതികൾ കോടതിയിൽ ഹാജരായത്. വിചാരണ കാണുന്നതിന് ആളുകൾ കോടതിമുറിക്കു മുന്നിൽ കാത്തുനിന്നിരുന്നു. ആളുകൾക്ക് വിചാരണ കാണുന്നതിന് കോടതിമുറിക്ക് പുറത്ത് തത്സമയ സംപ്രേഷണവും ക്രമീകരിച്ചിട്ടുണ്ട്. ജൂറി വിചാരണ 45 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ഫെബ്രുവരി 21നാണ് എബി ചോയിയെ കാണാതായതായിയെന്ന് പൊലീസിന് പരാതി ലഭിച്ചത്. കാണാതാകുമ്പോൾ 28 വയസ്സുണ്ടായിരുന്ന എബി ചോയി മോഡലിങ്ങിന് പുറമെ സാമൂഹിക പ്രവർത്തകയെന്ന പേരിലും ശ്രദ്ധനേടിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ വാടക വീട്ടിൽ നിന്ന് യുവതിയുടെ ശരീര ഭാഗങ്ങളിൽ ചിലത് അധികൃതർ കണ്ടെത്തുകയായിരുന്നു. ചോയിയുടേതെന്ന് കരുതുന്ന രണ്ട് കാലുകൾ റഫ്രിജറേറ്ററിൽ നിന്ന് കണ്ടെത്തി. കറിച്ചട്ടിയിൽ നിന്ന് തലയോട്ടി, വാരിയെല്ലുകൾ, മുടി എന്നിവ കണ്ടെടുത്തു.
യുവതിയുടെ വസ്ത്രങ്ങളും ശരീരം മുറിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും വസതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ. മുൻ ഭർത്താവും കുടുംബവുമായി സാമ്പത്തികമായ തർക്കം എബി ചോയിക്ക് ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ ഭർത്താവിനെയും സഹോദരനെയും അവരുടെ പിതാവിനെയും അധികൃതർ അറസ്റ്റ് ചെയുകയായിരുന്നു.
Leave a Comment
Your comment will be visible after admin approval.