ന്യൂയോർക്ക് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്റ്റംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ വാഷിങ്ങ്ടൺ ഡി. സി. ഏരിയയിലെ വെർജീനിയ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിൽ ആണ് നടക്കുന്നത്.
അമേരിക്കയിലും ക്യാനഡയിലുമുള്ള മലയാള സാഹിത്യ സ്നേഹികളും എഴുത്തുകാരും ആകാംഷയോടെ കാത്തിരുന്നു പങ്കെടുക്കുന്ന ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുവാനായി കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ പോൾ സക്കറിയയും, വി. ജെ. ജെയിംസും അമേരിക്കയിൽ എത്തിക്കഴിഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി. യിൽ നിന്നുള്ള പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ കവയിത്രിയും, നോവലിസ്റ്റും, അധ്യാപികയും, വൈവിധ്യവൽക്കരണ കൺസൾട്ടന്റുമായ പ്രൊഫ. ഡോ. അനിതാ നഹാലാണ് ഇംഗ്ളീഷ് സാഹിത്യ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

ഈയിടെ അന്തരിച്ച, ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ജോർജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി ‘ജോർജ് മണ്ണിക്കരോട്ട് നഗർ’ എന്നാണ് സമ്മേളന വേദിക്ക് പേരിട്ടിരിക്കുന്നത്. അടുത്തിടെ നമ്മെ വിട്ടുപോയ അമേരിക്കൻ മലയാളി എഴുത്തുകാരൻ പി. ടി. പൗലോസിനെ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിക്കും.
സെപ്തംബർ 25 നു വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ഈ സാഹിത്യ സൗഹൃദ സമ്മേളനം നിരവധി അക്ഷരസ്നേഹികളുടെ സാന്നിദ്ധ്യത്താൽ സമ്പന്നമായിരിക്കും. എഴുത്തിലെ പുതുവഴികൾ വെളിപ്പെടുത്തിയും, പഴമയുടെ മാറ്റുരച്ചും നടക്കുന്ന സാഹിത്യ ചർച്ചകളും സംവാദങ്ങളും ഓരോ എഴുത്തുകാർക്കും പുതിയകാഴ്ചപ്പാടുകൾ നൽകും. അതോടൊപ്പം സ്വയം വിമർശനത്തിന്റെയും പാകപ്പെടുത്തലിന്റെയും ഒരവസരം കൂടിയാണിത്.
ആശയങ്ങളുടെ, ചിന്തകളുടെ, ആവിഷ്ക്കാരങ്ങളുടെ ഒക്കെയും ഒരു സ്പർശം നമുക്ക് ഈ വേദിയിൽ അനുഭവപ്പെടും. സമകാലിക മലയാള എഴുത്തുകാരിൽ മുൻനിരയിലുള്ള, പ്രഗത്ഭരായ സക്കറിയയെയും, വി. ജെ. ജെയിംസിനെയും പോലുള്ള എഴുത്തുകാർക്ക് പങ്കുവയ്ക്കാനാകുന്ന അനുഭവങ്ങൾ, അവരുടെ ചിന്താധാരയും എഴുത്തുവഴികളും അമേരിക്കൻ മലയാളി എഴുത്തുകാർക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
പുതിയ നാല് മലയാളം പുസ്തകങ്ങളുടെയും മൂന്ന് ഇംഗ്ളീഷ് പുസ്തകങ്ങളുടെയും പ്രകാശനം സമ്മേളനത്തിൽ നടക്കും. ഈ വർഷം പ്രസിദ്ധീകരിച്ച ലാന അംഗങ്ങളുടെ ആറു പുസ്തകങ്ങൾ സമ്മേളനത്തിൽ വിശദമായി പരിചയപ്പെടുത്തും. അമേരിക്കയിലെ മലയാളം എഴുത്തുകാരുടെ പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള സഞ്ചരിക്കുന്ന ലൈബ്രറിയുടെ പുസ്തക പ്രദർശനവും സമ്മേളന ഹാളിൽ ഉണ്ടാവും.
കേരള ലിറ്റററി സൊസൈറ്റിയുടെ മനയിൽ ജേക്കബ് കവിതാ പുരസ്കാരവും, എബ്രഹാം തെക്കേമുറി കഥാപുരസ്കാരവും, കെ.എൽ.എസ് പ്രത്യേകജൂറി പുരസ്കാരവും സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും.
അക്ഷരങ്ങളെ സ്നേഹിക്കുന്ന, എഴുത്തിനെ ആരാധിക്കുന്ന ഓരോ എഴുത്തുകാരെയും, സാഹിത്യ സ്നേഹികളെയും ഈനല്ല നിമിഷങ്ങളിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു. എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് സാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) സെക്രട്ടറി നിർമ്മല ജോസഫിൽ (+1 347 204 0062) നിന്നും ലഭിക്കും.
വാർത്ത തയ്യാറാക്കിയത്:
ലാനാ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി
നിർമല ജോസഫ് (സെക്രട്ടറി) +1 347 204 0062
Leave a Comment
Your comment will be visible after admin approval.