95ാമത് അക്കാദമി അവാർഡ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക്. അവസാന നോമിനേഷനുകളുടെ പ്രഖ്യാപനത്തിൽ ഇന്ത്യക്ക് രണ്ട് സന്തോഷം. രാജമൗലി ചിത്രം ആർആർആറിലെ നാട്ടു നാട്ടു പാട്ടിന് ഒർജിനൽ സോങ്ങിൽ ഓസ്‌കാർ നാമനിർദേശം. ഡോക്യുമെന്ററി- ഷോർട്ട് ഫിലിം വിഭാഗത്തിൽ എലിഫെന്റ് വിസ്‌പേഴ്‌സിനും നാമനിർദേശം.
ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനൽ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. യു.എസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
‘ഓൾ ക്വയറ്റ് ഓഫ് ദ് വെസ്റ്റേൺ ഫ്രണ്ട്’, ‘എവ്രിതിങ് എവ്രിവെയർ ഓൾ അറ്റ് വൺസ്’, ‘ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ’ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ.
‘ആർആർആർ’, ‘ചെല്ലോ ഷോ’, ‘ഓൾ ദാറ്റ് ബ്രീത്ത്‌സ്’, ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ എന്നിവയാണ് ഇന്ത്യയിൽ നിന്ന് മത്സരത്തിനെത്തിയ നാല് ചിത്രങ്ങൾ. ‘നാട്ടു നാട്ടു ‘എന്ന ഗാനത്തിനൊപ്പം ‘അവതാർ’, ‘ബ്ലാക്ക് പാന്തർ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും മത്സരത്തിനുണ്ടായിരുന്നു. മാർച്ച് 12നാണ് ഓസ്കർ പ്രഖ്യാപനം.