വെല്ലിംഗ്ടൺ: ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിന്റെ 41ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പദവി ഒഴിയുന്നതായി നേരത്തേ പ്രഖ്യാപിച്ച ജസിൻഡ ആർഡേണിന്റെ രാജി ഗവർണർ ജനറൽ സിൻഡി കിറോ ഇന്നലെ ഔദ്യോഗികമായി അംഗീകരിച്ചു. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പ്രതിച്ഛായ ഇടിയുന്നുവെന്ന സൂചനകൾക്കിടെയാണ് ജസിൻഡ ആർഡേൺ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ഒക്ടോബറിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കുകയെന്ന ദൗത്യവും ക്രിസ് ഹിപ്കിൻസിനുണ്ട്.
44 വയസുള്ള ഹിപ്കിൻസ്, ആർഡേണിന്റെ മന്ത്രിസഭയിൽ ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, പൊതുസേവനം എന്നീ വകുപ്പുകൾ കൈകര്യം ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിന്റെ പ്രസിദ്ധമായ കോവിഡ് പ്രതിരോധപദ്ധതി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു നടപ്പാക്കിയത്. അതിർത്തികൾ അടച്ച് രോഗം രാജ്യത്തു കടക്കുന്നതു തടയുന്ന രീതിയായിരുന്നു ഇത്.