സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ ബന്ധിപ്പിക്കുകയും ഓരോരുത്തർക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുകയും ചെയ്യുന്ന സർക്കാരിന്റെ ‘അതിഥി’ മൊബൈൽ ആപ്പ് ഏപ്രിലിൽ അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദ്ദേശിച്ച ആപ്പ് തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ കോംപ്രഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള (ചിയാക്) ആണ് വികസിപ്പിക്കുന്നത്.
ആപ്പിനായി സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 2021-ൽ സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയ പഠനത്തിൽ 31 ലക്ഷം കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ഉണ്ടെന്നും ഭൂരിഭാഗം പേരും കെട്ടിടനിർമ്മാണ രംഗത്താണ് ജോലി ചെയ്യുന്നുതെന്നും കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം ‘അതിഥി’യുടെ കീഴിൽ കൊണ്ടുവരുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
ആപ്പിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയ അഡീഷണൽ സെക്രട്ടറി സുനിൽ കെ എം പറഞ്ഞു. “അതിഥി പോർട്ടൽ ഇതിനകം നിലവിലുണ്ട്. ഏപ്രിലിൽ ആപ്പ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” സുനിൽ പറഞ്ഞു. സോഫ്റ്റ്‌വെയന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചിയാക് ഉദ്യോഗസ്ഥൻ അറിയിച്ചു. ആരോഗ്യം, തൊഴിൽ, പോലീസ് എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകൾക്കും അനുയോജ്യമായ രീതിയിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കുക,” ചിയാക് ഉദ്യോഗസ്ഥർ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്ക് വെബ് പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാനും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ നേടാനും കഴിയും. കേരളത്തിൽ കുടിയേറ്റ തൊഴിലാളികളുടെ എൻറോൾമെന്റിനും അവരുടെ ക്ഷേമത്തിനും നിരവധി പദ്ധതികൾ നിലവിലുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, അവയ്ക്ക് ആവശ്യമായ പ്രചാരം കിട്ടിയിട്ടില്ല. ഉദാഹരണത്തിന്, വർഷത്തിൽ 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ആവാസ്’ കാർഡ് 2018-ൽ അവതരിപ്പിച്ചിരുന്നു. എന്നാൽ തൊഴിൽ നൈപുണ്യ വകുപ്പിന്റെ കണക്കനുസരിച്ച്, 516,320 കുടിയേറ്റ തൊഴിലാളികൾ മാത്രമാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കൂടാതെ, കഴിഞ്ഞ ജൂലൈയിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമനിധി ബോർഡ് കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷനായി ‘ഗസ്റ്റ് ‘ ആപ്പ് പുറത്തിറക്കി. ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് ആപ്പ് വികസിപ്പിച്ചത്. എന്നാൽ സംസ്ഥാനത്തൊട്ടാകെ 1.5 ലക്ഷം കുടിയേറ്റ തൊഴിലാളികൾ മാത്രമാണ് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എന്നാൽ ഇത്തരത്തിലുള്ള ഒന്നിലധികം പദ്ധതികളുടെ ആവശ്യകത എന്താണെന്ന് പെരുമ്പാവൂർ ആസ്ഥാനമായുള്ള സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സിഎംഐഡി) എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ ചോദിക്കുന്നു. “നിലവിലെ പദ്ധതികൾ ഫലപ്രദമല്ലെന്നാണ് തെളിയുന്നത്. അപ്പോൾ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിനു പകരം നിലവിലുള്ളവ സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപെടുന്നു. ഇത്തരം സംരംഭങ്ങൾ നടപ്പിലാക്കുമ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂടിയാലോചിക്കണമെന്നും പീറ്റർ നിർദ്ദേശിച്ചു. “എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികൾ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്യേണ്ടത്? എല്ലാ വിശദാംശങ്ങളും ഒരു സ്കീമിന് കീഴിൽ ഏകീകരിക്കുന്നതല്ലേ നല്ലത്? അദ്ദേഹം ചോദിച്ചു. കൊച്ചി ആസ്ഥാനമായുള്ള പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ചെയർമാൻ ജോർജ് മാത്യുവും ഈ അഭിപ്രായത്തെ പിന്തുണച്ചു. കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ നിരവധി കാർഡുകൾ നൽകുകയും നിരവധി ആപ്ലിക്കേഷനുകൾ പുറത്തിറക്കുകയും ചെയ്യുന്നു. എന്നാൽ ഈ പദ്ധതികൾ അവരുടെ ക്ഷേമം ഉറപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാർഡുകളും പദ്ധതികളും കുടിയേറ്റക്കാരുടെ ക്ഷേമത്തിലേക്ക് നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നേരത്തെ, ആവാസ് കാർഡ് ഉണ്ടായിരുന്നു. എന്നാൽ കുടിയേറ്റക്കാരിൽ 13% പേർക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ, സർക്കാർ അവരുടെ ക്ഷേമം ഉറപ്പു നൽകുന്നതിനാൽ തൊഴിലാളികൾ അവരുടെ വിശദാംശങ്ങളും തിരിച്ചറിയൽ രേഖയും ഈ പദ്ധതികൾക്കായി സമർപ്പിക്കുന്നു. എന്നാൽ പലർക്കും സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല, ”ജോർജ് പറഞ്ഞു.