കൊച്ചി: അദാനി ഗ്രൂപ്പിന്റെ ഓഹരി സൂചികകളിൽ ഇന്നും ഇടിവ്. അദാനി എന്റർപ്രൈസസ് ഒഴികെയുളള 13 ഓഹരി സൂചികകളും നഷ്ടത്തിൽ തുടരുകയാണ്. രാവിലെ ഓഹരി വിപണിയിൽ ഉണർവ് അനുഭവപ്പെട്ടിരുന്നെങ്കിലും സെന്‌സെക്‌സും നിഫ്റ്റിയും വീണ്ടും കൂപ്പുകുത്തി.
ഓഹരി വിലയിൽ കൃത്രിമം കാട്ടിയെന്ന ഹിന്റൻബെർഗിന്റെ റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരി സൂചികകൾ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിൽ 4.17 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇന്ന് ഓഹരി വിപണിയുടെ വ്യവഹാരം ആരംഭിച്ചതിന് പിന്നാലെ അദാനിക്ക് നേരിയ ആശ്വാസം നൽകുന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. അദാനി എന്റർപ്രൈസസും അദാനി പോർട്ടും കനത്ത നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് എത്തിയിരുന്നു. എന്നാൽ പിന്നീടുളള മണിക്കൂറുകളിൽ അദാനി പോർട്‌സും നഷ്ടത്തിലായി.ആകെ 14 ഓഹരി സൂചികകളിൽ അദാനി എന്റർപ്രൈസസ് മാത്രമാണ് ലാഭത്തിലുളളത്.
ഇന്ന് രാവിലെ ഓഹരി വിപണിയിൽ വ്യവഹാരം ആരംഭിച്ച ഘട്ടത്തിൽ ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സും നാഷണല് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റിയും ലാഭത്തിലായിരുന്നു. എന്നാല്‍ പിന്നീട് സെൻസെക്‌സ് 560 പോയിന്റ് ഇടിഞ്ഞത് വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസങ്ങളിൽ 10.73 ലക്ഷം കോടിയുടെ നഷ്ടമാണ് രാജ്യത്തെ നിക്ഷേപകർ നേരിട്ടിരുന്നത്. ഇതിൽ നിന്ന് കരകയറാനാകാത്തതും വൻ തിരിച്ചടിയാണ്.