തിരുവനന്തപുരം : ഗവേഷണ പ്രബന്ധവിവാദത്തിൽ വിശദീകരണവുമായി ചിന്താ ജെറോം. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന പ്രബന്ധത്തിലെ പരാമർശം സാന്ദർഭികമായ പിഴവാണെന്നും ഒരു വരിപോലും താൻ കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിച്ചു. സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി.
വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേഒരു വരി പോലും കോപ്പി അടിച്ചിട്ടില്ല. വിമർശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോൾ തിരുത്തുമെന്നും ചിന്ത വിശദീകരിച്ചു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് നന്ദി ഉൾപ്പെടുത്തിയതെന്നും ചിന്ത വിശദീകരിച്ചു.