മൊയ്തീന് പുത്തന്‍ചിറ
ഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (MMGH) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈ വര്‍ഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പ്രസിഡന്റ് ബുഷ്റ മനക്കട്ടിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റി ടീമിന്റെയും നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു.

പ്രശസ്ത നര്‍ത്തകി ഡോ. സുനന്ദ നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജഡ്ജ് സുരേന്ദ്രന് പട്ടേല്‍, ജഡ്ജ് ജൂലി മാത്യൂ, ക്യാപ്റ്റന്‍ മനു പൂപ്പാറയില്‍, മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) പ്രസിഡന്റ് റോയ് മാത്യു എന്നിവരുള്‍പ്പെടെ സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.

മനോഹരമായ അത്തപ്പൂക്കളവും ആവേശം നിറഞ്ഞ ചെണ്ടമേളവും, കൊച്ചു കലാകാരന്മാരുടെ പുലിക്കളിയും ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം കുറിച്ചു. കേരളീയ പാരമ്പര്യം വിളിച്ചോതി വിവിധ തരം കറികളും പായസങ്ങളും ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

വേദിയില്‍ കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറി. പരമ്പരാഗത നൃത്തരൂപങ്ങളും ആകര്‍ഷകമായ നൃത്തച്ചുവടുകളും സദസ്സിന് മികച്ച ദൃശ്യവിരുന്നായി. ആഘോഷങ്ങള്‍ക്ക് ഉത്സവപ്രതീതി പകര്‍ന്ന് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. കാണികളില്‍ വലിയ ആവേശം നിറച്ച മത്സരങ്ങള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി മാറി. ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പ്രഥമ സംഗീത നാടക ദേശീയ പുരസ്ക്കാരം നേടിയ അമേരിക്കന്‍ മലയാളിയായ ഡോ. സുനന്ദ നായരെ പുരസ്ക്കാരം നല്കി പ്രത്യേകം ആദരിച്ചു.

പ്രസിഡന്റ് ബുഷ്റ മനക്കട്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വോളന്റിയര്‍മാര്‍ എന്നിവരുടെ കൃത്യമായ ഏകോപനത്തില്‍ നടത്തിയ MMGH-ന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വന്‍ വിജയമായി സമാപിച്ചു.
Leave a Comment
Your comment will be visible after admin approval.