ജിദ്ദ: പ്രാദേശിക വിഷയങ്ങളിൽ പരസ്പരം സഹകരണം ശക്തിപ്പെടുത്തുന്നതിനും പശ്ചിമേഷ്യയിലെ പൊതുവായ വെല്ലുവിളികൾ ഒന്നിച്ച് നേരിടുന്നതിനുമായി സൗദി അറേബ്യ, തുർക്കിയ, സിറിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിലെ തുർക്കിഷ് ഹൗസിൽ സംയുക്ത കൂടിക്കാഴ്ച നടത്തി.
യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയ വേളയിലാണ് മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പ്രത്യേക ചർച്ചകൾക്കായി സംഗമിച്ചത്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, സിറിയൻ വിദേശകാര്യ-പ്രവാസി കാര്യ മന്ത്രി അസാദ് അൽ ഷൈബാനി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിെൻറ വിവിധ വശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ നന്മക്കും സമൃദ്ധിക്കും ഉതകുന്ന രീതിയിൽ സാമ്പത്തിക-വാണിജ്യ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികളും ചർച്ചയിൽ പ്രധാന വിഷയമായി.
പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ കൂടുതൽ സാമ്പത്തിക അവസരങ്ങൾ തുറന്നുനൽകാനും രാജ്യങ്ങളുടെ വളർച്ചക്കും പുരോഗതിക്കും ഉതകുന്ന വിവിധ പദ്ധതികൾ നടപ്പാക്കാനും ചർച്ചയിൽ തീരുമാനമായി. കൂടാതെ, പ്രാദേശികമായി നേരിടുന്ന സുരക്ഷാ-സാമ്പത്തിക വെല്ലുവിളികളെ ചെറുക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തമാക്കാനുള്ള മാർഗ്ഗങ്ങളും തേടി.
മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ സിറിയയുടെ പുനർനിർമാണവും പ്രാദേശിക സുരക്ഷയും ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്
Leave a Comment
Your comment will be visible after admin approval.