ന്യൂഡൽഹി: ഭൂകമ്പത്തെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും തുർക്കിക്കും ഇന്ത്യ സഹായമെത്തിച്ചു. അവശ്യസാധനങ്ങളും മരുന്നുകളുമടങ്ങുന്ന രണ്ട് വിമാനങ്ങൾ ഇന്ത്യ ഇന്ന് തുർക്കിയിലേക്ക് അയച്ചു. സൈന്യത്തിന്റെ മെഡിക്കൽ സംഘവും തെരച്ചിലിനായി ഡോഗ് സ്ക്വാഡ് സംഘവും തുർക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഡ്രില്ലിംഗ് യന്ത്രങ്ങളും ദുരിതാശ്വാസ സാമഗ്രികളുമായുള്ള സംഘം തുർക്കിയിലെ അദാനയിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുരിതാശ്വാസ സേനയിലെ അംഗങ്ങളും ഡോക്ടർമാരും സൈനികരുമുൾപ്പെടെ 101 പേരാണ് തുർക്കിയിലെത്തിയത്.
സിറിയയിലേക്ക് രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടില്ലെങ്കിലും അവശ്യസാധനങ്ങളടങ്ങിയ വിമാനങ്ങൾ സർക്കാർ നിർദേശപ്രകാരം രാജ്യത്ത് എത്തിയിരുന്നു. അഭ്യന്തര സംഘർഷം മൂലം സുരക്ഷാപ്രശ്നങ്ങളുള്ളതിനാലാണ് സിറിയയിലേക്ക് സംഘത്തെ അയയ്ക്കാത്തതെന്ന് വ്യക്തമാക്കിയ സർക്കാർ, കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ ഇവിടേക്ക് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി.