നേപ്പാളിൽ ഹിമപാതം; ഹിംലുങ് ഹിമാൽ ബേസ് ക്യാമ്പിൽ 10 പേരെ കാണാതായി

Global Indian Writer · September 27, 2026 · 1 min read · 0 Comments · 0 Shares

കാഠ്മണ്ഡു: നേപ്പാളിലെ ഹിംലുങ് ഹിമാലിന്റെ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തെ തുടർന്ന് 10 പേരെ കാണാതായി. മനാങ് ജില്ലയിലെ 7126 മീറ്റർ ഉയരമുള്ള ഹിംലുങ് ഹിമാലിന്റെ ബേസ് ക്യാമ്പിലാണ് ഞായറാഴ്ച രാവിലെ ഹിമപാതമുണ്ടായത്. അപകടത്തിൽ പത്ത് പേരെ കാണാതായതായി അധികൃതർ സ്ഥിരീകരിച്ചു. കാണാതായവരിൽ വിവിധ പര്യവേഷണ സംഘങ്ങളിലെ ജീവനക്കാരും ഉൾപ്പെടും.

കാണാതായ പത്ത് പേരിൽ എട്ട് പേർ ഹിമാലയൻ ഹോളിഡേഴ്സ് നേപ്പാളിൽ നിന്നുള്ളവരും രണ്ടുപേർ ഇമാജിൻ നേപ്പാൾ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ളവരുമാണെന്ന് എക്സ്പെഡിഷൻ ഓപറേറ്റേഴ്സ് അസോസിയേഷൻ നേപ്പാളിന്റെ ജനറൽ സെക്രട്ടറി ഋഷി ഭണ്ഡാരി പറഞ്ഞു.

നേപ്പാൾ ടൂറിസം വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡയറക്ടർ ജനറൽ രാം കൃഷ്ണ ലാമിച്ചനെ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു വരികയാണെന്നും കാണാതായവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളായി മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് നിരവധി പർവതാരോഹകരും റോപ്പ് ഫിക്സിങ് സംഘങ്ങളും അപകടസാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ചിലർ ബേസ് ക്യാമ്പ് മേഖലയിൽ തുടരുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് ഹിമപാതമുണ്ടായത്. ബേസ് ക്യാമ്പിലെ ടെന്റുകൾ മഞ്ഞിനടിയിൽപ്പെട്ടതായാണ് വിവരം.
‘

Share this story

Leave a Comment

Your comment will be visible after admin approval.