ത്രിപുരയിലെ നിര്‍ണ്ണായക തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്. രാവിലെ 11 മണിവരെ 32.06 ശതമാനമാണ് പോളിംഗ് നിരക്ക്. വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി തുടര്‍ ഭരണം നേടുമെന്ന് മുഖ്യമന്ത്രി മണിക് സഹ പ്രതികരിച്ചപ്പോള്‍ അക്രമങ്ങള്‍ വോട്ടമാര്‍ ജനകീയമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാര്‍ പറഞ്ഞു.
രാവിലെ എഴു മണിക്ക് പോളിംഗ് ആരംഭിക്കും മുന്‍പ് തന്നെ ബൂത്തുകള്‍ക്ക് പുറത്ത് വോട്ടര്‍ മാരുടെ വന്‍ വരികള്‍ രൂപപ്പെട്ടു. പ്രചരണത്തിനിടെയുണ്ടായ വന്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് വിന്യസത്തിലാണ് വോട്ടെടുപ്പ്. എന്നാല്‍ ആദ്യ ഘട്ടം മുതല്‍ തന്നെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെ വിശാല്‍ഘട്ടില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പലയിടത്തും പോളിംഗ് ഏജന്റുമാരെ ആക്രമിച്ചതായും, വോട്ടര്‍മാരെ തടഞ്ഞതായും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ആരോപിച്ചു. മുഖ്യമന്ത്രി മണിക് സഹ രാവിലെ എട്ടു മണിക്ക് തന്നെ, അഗാര്‍ത്തല മഹാറാണി തുളസിവതി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അക്രമങ്ങള്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെ യും സംസ്‌കാരമാണെന്നും, സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ബിജെപി തുടര്‍ഭരണം നേടുമെന്നും,മുഖ്യമന്ത്രി പ്രതികരിച്ചു.