സി.എം.എൽ വാർഷിക പൊതുയോഗവും 2026–27 പ്രവർത്തന വർഷ ഉദ്ഘാടനവും

Global Indian Writer · September 28, 2026 · 1 min read · 0 Comments · 0 Shares

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2026–27 പ്രവർത്തന വർഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും സെന്റ് മേരീസ് മതബോധന സ്കൂൾ ഹാളിൽ വച്ച് സെപ്റ്റംബർ 27 ഞായറാഴ്ച നടത്തപ്പെട്ടു. മിഷൻ ലീഗ് പ്രസിഡന്റ് ഐസക് മറ്റത്തിൽ അധ്യക്ഷനായിരുന്നു. സി.എം.എൽ സ്പിരിച്വൽ ഡയറക്ടർ ഫാ. അനീഷ് മാവേലിപ്പുത്തൻപുരയിൽ 2026–27 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 150ഓളം മിഷൻ ലീഗ് അംഗങ്ങളും ഗ്രൂപ്പ് കോർഡിനേറ്റർമാരും മതബോധന അധ്യാപകരും ഭാരവാഹികളും പങ്കെടുത്ത യോഗം സി.എം.എൽ ഡയറക്ടർ ജോജോ ആനാലിൽ ഏകോപിപ്പിച്ചു. എവാന മണ്ണുകുന്നേൽ ആലപിച്ച പ്രാർത്ഥനാഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് അബിഗയിൽ കണ്ടച്ചൻപറമ്പിൽ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് ഐസക് മറ്റത്തിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ആത്മീയവും വ്യക്തിപരവുമായ വളർച്ചയ്ക്കും സമൂഹസേവന മനോഭാവം വളർത്തുന്നതിനും നൽകുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടി. സെക്രട്ടറി ഷോബിൻ കണ്ണമ്പള്ളി കഴിഞ്ഞ പ്രവർത്തന വർഷത്തിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോഷ്വാ കിഴവള്ളിൽ സാമ്പത്തിക റിപ്പോർട്ട് സമർപ്പിച്ചു. സി.എം.എൽ ലീഡറായി പ്രവർത്തിച്ച അനുഭവങ്ങൾ ഡേവിഡ് കളപുരക്കൽ കുട്ടികളുമായി പങ്കുവെക്കുകയും മറ്റ് കുട്ടികളെ സി.എം.എൽ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യോഗത്തിൽ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും വിവിധ ഗ്രൂപ്പ് ലീഡർമാരെയും തിരഞ്ഞെടുക്കുകയും ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യോഗത്തിൽ ആശംസകൾ നേർന്നു.

കഴിഞ്ഞ പ്രവർത്തന വർഷത്തെ സി.എം.എൽ പ്രവർത്തനങ്ങളുടെ വിജയത്തിൽ ഗ്രൂപ്പ് കോർഡിനേറ്റർമാരുടെ സജീവമായ ഇടപെടൽ പ്രത്യേകം ശ്രദ്ധേയമായി. ബിബി നെടുംതുരുത്തിപ്പുത്തൻപുരയിൽ, സൂര്യ കരിക്കുളം എന്നിവരോടൊപ്പം എല്ലാ ഗ്രൂപ്പ് കോർഡിനേറ്റർമാരും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകി. കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ഓരോ പരിപാടിയിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്ത കോർഡിനേറ്റർമാരുടെ സേവനം സി.എം.എൽ നേതൃത്വം പ്രത്യേകം അഭിനന്ദിച്ചു. പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്ത ഫാ. അനീഷ് മാവേലിപ്പുത്തൻപുരയിൽ തന്റെ സന്ദേശത്തിൽ കുട്ടികളും യുവാക്കളും പ്രാർത്ഥനയിലും സേവനത്തിലും സജീവമായി വളരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. സി.എം.എൽ നൽകുന്ന വിവിധ അവസരങ്ങൾ പ്രയോജനപ്പെടുത്തി വിശ്വാസത്തിലും സേവന മനോഭാവത്തിലും മുന്നേറാൻ അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു.തുടർന്ന് ഫാ. അനീഷ് മാവേലിപ്പുത്തൻപുരയിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പ് നെടുംതുരുത്തിപ്പുത്തൻപുരയിലും ചേർന്ന് 2026–27 പ്രവർത്തന വർഷത്തിന് ഔപചാരികമായി തുടക്കം കുറിച്ചു. ഡി.ആർ.ഇ. സജി പൂത്തൃക്കയിൽ തന്റെ ആശംസാപ്രസംഗത്തിൽ സി.എം.എൽ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മതബോധന സ്കൂളിന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് ഉറപ്പുനൽകി. കുട്ടികൾ അവരുടെ ആവേശവും ഉത്സാഹവും നിലനിർത്തി എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അസിസ്റ്റന്റ് ഡി.ആർ.ഇ. മനീഷ് കൈമൂലയിൽ ,ട്രസ്റ്റി പ്രതിനിധി മജോ കുന്നശ്ശേരി എന്നിവർ യോഗത്തിൽ സന്നിഹിതരായി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.