കുവൈറ്റ് : സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ പ്രവാസികളിൽ നിന്നും സ്വരൂപിച്ച പ്രളയ ഫണ്ട് അർഹരിൽ എത്താതെ പാഴായി പോയെന്ന ഗുരുതര ആരോപണവുമായി കുവൈറ്റിലെ പ്രമുഖ വ്യവസായിയും എൻ. ബി. ടി. സി. മാനേജിംഗ് ഡയറക്ടറുമായ കെ. ജി. എബ്രഹാം. കുവൈറ്റിൽ എൻ. ബി. ടി. സി. യുടെ ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കെ ജി എബ്രഹാം വ്യക്തമാക്കിയത്.
വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4 കോടി രൂപയോളം സംഭാവന നൽകിയ വ്യവസായിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഫണ്ട് നൽകിയ കാര്യം കണക്കുസഹിതം ഓർമ്മിപ്പിച്ചുകൊണ്ട് രാഷ്ട്രീയക്കാർ നമ്മളെ വിഡ്ഢികളാക്കുന്നു എന്ന ആരോപണവും കെ ജി എബ്രഹാം ഉന്നയിച്ചു. അതിനാൽ ഭാവിയിൽ നയാ പൈസ പോലും രാഷ്ട്രീയക്കാർക്ക് നൽകില്ലെന്നും സ്വന്തം നിലയിൽ സഹായം നൽകുവാനാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾ അയക്കുന്ന കാശ് ഇല്ലായിരുന്നുവെങ്കിൽ കേരളം എങ്ങനെ ജീവിക്കും. എന്നിട്ടും പ്രവാസികളെ ചൂഷണം ചെയ്യുന്ന നിലപാടാണ് രാഷ്ട്രീയക്കാർ സ്വീകരിക്കുന്നത്. അവർ ഒരു വീട് വെച്ചു അത് അടച്ചിട്ടാൽ അതിനു അധിക നികുതി ചുമത്തപ്പെടുന്നു. ഇത് അഹങ്കാരമാണ്. ഇതിനെതിരെ പ്രവാസികൾ ഒരുമിക്കണം.
ബാങ്കുകളിൽ നാം നിക്ഷേപിക്കുന്ന പണത്തിനു പോലും യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത രീതിയിലാണ് നാട്ടിലെ സാമ്പത്തിക അവസ്ഥ എന്നാണ് അറിയാൻ കഴിഞ്ഞത്. ലബനോനിൽ സംഭവിച്ചതിന് സമാനമായി സമീപ ഭാവിയിൽ കേരളത്തിലും സംഭവിക്കാം. അത് കൊണ്ട് ആരും നാട്ടിലേക്ക് പണം അയക്കരുത്. വോട്ട് ചെയ്യാൻ ലഭിച്ച അവസരങ്ങളിൽ ഇടതുപക്ഷത്തിനു മാത്രമാണ് വോട്ടു ചെയ്തത്.അത് വിഡ്ഢിത്തരമായി പോയെന്നും അദ്ദേഹം പറഞ്ഞു.