കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണിസന്ദേശം. കണ്ണൂർ മയ്യിൽ പഞ്ചായത്ത് അംഗം സി. സുചിത്രയാണ് തൊഴിലാളികൾക്ക് കർശന നിർദേശം നൽകുന്നത്. മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗമാണ് സി. സുചിത്ര. തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇവർ ഭീഷണിസന്ദേശം അയച്ചത്. ജാഥയ്ക്കു പോകാത്തവർക്ക് ജോലി നൽകണോ എന്ന കാര്യം ആലോചിക്കണ്ടി വരുമെന്ന് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘നാളെ ഗോവിന്ദൻ മാഷുടെ ജാഥയുടെ പരിപാടി രാവിലെ തളിപ്പറമ്പിലാണ്. മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും അതിൽ പങ്കെടുക്കണം. പണിയുള്ള വാർഡിലെല്ലാം പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകരുത്. വരാൻ പറ്റാത്ത ആൾക്കാരുണ്ടെങ്കിൽ എന്നെ വിളിക്കാ. ഞാൻ അവരോട് അതിനുള്ള ഉത്തരം തന്നേക്കാം. അല്ലാതെ, പരിപാടിക്കൊന്നും പോകാത്ത ആൾക്കാരാണെങ്കിൽ അടുത്ത പണിന്റെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാ..’-ശബ്ദസന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകിയത്. ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച വൈകീട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം നൽകിയത്. ശബ്ദസന്ദേശം പുറത്തായതിനു പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടിട്ടുണ്ട്.