ന്യൂഡൽഹി: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണെന്നും വർക്കിംഗ് പ്രസിഡന്റായ തന്നോട് പോലും കൂടിയാലോചനകൾ നടത്തുന്നില്ലെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല. നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണ്. മുതിർന്ന നേതാക്കൾ പോലും വിവരങ്ങൾ അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണ്. നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ചർച്ച ചെയ്യണം. മുൻ അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും വിമർശനം ഉന്നയിക്കുകയാണ്. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിൽ ജനിച്ചത് കൊണ്ട് തന്നെ പല പദവികളിൽ നിന്നും മാറ്റിനിർത്തുകയാണെന്നും കൊടിക്കുന്നിൽ നേരത്തെ ആരോപിച്ചിരുന്നു.