തിരുവനന്തപുരം: കടുത്ത അവഗണനയെ തുടര്‍ന്നാണ് പ്ലീനറി സമ്മേളനത്തില്‍ പോവേണ്ടെന്ന് തീരുമാനിച്ചതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം അവഗണനയിലൂടെയാണ് കടന്നു പോകുന്നത്. നേതൃത്വം തന്നോട് അഭിപ്രായങ്ങള്‍ തേടുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സമ്മേളനത്തില്‍ പോകുന്നില്ല എന്ന തീരുമാനം എടുത്തത്.
കെ. സുധാകരന്‍ അധ്യക്ഷനായതോടെയാണ് തന്നെ അവഗണിച്ചു തുടങ്ങിയത്. അദ്ദേഹത്തെ കാണാന്‍ അവിടുത്തെ സെക്രട്ടറി എനിക്ക് ഒരിക്കല്‍ സമയം അനുവദിച്ചു. അപ്പോയിന്റ്‌മെന്റ് എടുത്ത് സുധാകരനെ കാണേണ്ട ഒരാളാണോ ഞാന്‍. അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി. ഞാന്‍ കെപിസിസി അംഗമായ അഴിയൂരില്‍ നിന്ന് എന്റെ ഒഴിവില്‍ മറ്റൊരാളെ വച്ചപ്പോള്‍പ്പോലും എന്റെ അഭിപ്രായം തേടാതെപോയി.
കെപിസിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് ഞാന്‍ അറിയുന്നത്. പുനസംഘടനാ വാര്‍ത്തകള്‍ ആരും എന്നെ ഔദ്യോഗികമായി അറിയിച്ചില്ല. ചിന്തിന്‍ശിബിരത്തില്‍ നിന്ന് വിട്ടുനിന്നതും ഇതേ കാരണം കൊണ്ടാണ്. പ്ലീനറി സമ്മേളനത്തില്‍ പോകണമെന്ന് ആഗ്രഹിച്ചതാണ്. എന്നാല്‍ താന്‍ വരുന്നുവോ എന്ന് ആരും അന്വേഷിച്ചില്ല. പോകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്നാല്‍ ആ സാഹചര്യം ചിലര്‍ ബോധപൂര്‍വം സൃഷ്ട്ടിച്ചതാണ്.
കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങള്‍ നന്നായി അറിയാം. എങ്കിലും അത് പരിഹരിക്കുന്നതിന് ആരും മുന്‍കൈ എടുത്തില്ല. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഒരിക്കല്‍ മാത്രമാണ് കെപിസിസി ഓഫിസിലേക്ക് പോയത്. അത് തിരഞ്ഞെടുപ്പില്‍ ഖര്‍ഗേയ്ക്ക് വോട്ടു ചെയ്യാന്‍ മാത്രമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ എന്നെ ബലിമൃഗമാക്കി. അതോടെ എന്നെ ബോധപൂര്‍വം മാറ്റുകയായിരുന്നു. കെ.സി. വേണുഗോപാല്‍ അറിയാതെ ഇതൊന്നും സംഭവിക്കില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയത് എന്റെ കാലത്താണ്. അതിപ്പോള്‍ എല്ലാവരും മറന്നു.
മുതിര്‍ന്ന നേതാക്കളില്‍ പലരും എന്നെപോലെ അവഗണന നേരിടുന്നവരാണ്. സുധാകരനും സതീശനും ചേര്‍ന്ന കോക്കസാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന അംഗമായ കെ. പി. ഉണ്ണികൃഷ്ണനെ എഐസിസിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അറിയിക്കാനുള്ള മാന്യതപോലും പാര്‍ട്ടിക്കാര്‍ കാണിച്ചില്ല. മാന്യമമായ പരിഗണന എല്ലാവര്‍ക്കും ലഭിക്കണം. അത് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.