ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ കമ്യൂണിറ്റി കോളജുകളുടെ ചാൻസലറായി മലയാളിയും പ്രമുഖ അക്കാദമിക വിദഗ്ധയുമായ ഡോ. സോണിയ ക്രിസ്റ്റ്യൻ നിയമിക്കപ്പെട്ടു. കലിഫോർണിയ സംസ്ഥാനത്തു പ്രവർത്തിക്കുന്ന കലിഫോർണിയ കമ്യൂണിറ്റി കോളജുകൾ അമേരിക്കൻ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ്. 73 കോളജ് ഡിസ്ട്രിക്ടുകളിലെ 116 കോളജുകളിലായി 18 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നു. ഫെബ്രുവരി 23നു ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗമാണ് 11-ാമത് സ്ഥിരം ചാൻസലറായി സോണിയയെ തെരഞ്ഞെടുത്തത്.
കൊല്ലത്ത് ഡെന്റിസ്റ്റായിരുന്ന ഡോ. പോൾ ക്രിസ്റ്റ്യന്റെയും പാം ക്രിസ്റ്റ്യന്റെയും മകളാണു സോണിയ. കൊല്ലം ഫാത്തിമമാതാ കോളജിൽനിന്നു ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അവർ ഉന്നതപഠനത്തിനായി യുഎസിലെത്തിയതാണ്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽനിന്ന് ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽനിന്നു ഡോക്ടറേറ്റും നേടിയശേഷം അധ്യാപനത്തിലേക്കു കടക്കുകയായിരുന്നു.
കേൺ കമ്യൂണിറ്റി കോളജ് ഡിസ്ട്രിക്ടിന്റെ ചാൻസലറായി 2021 ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.