സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അലസ് ബിയാലിയാറ്റ്‌സ്‌കിക്ക് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബെലാറസിലെ കോടതി. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾക്കും കള്ളക്കടത്തിനും ധനസഹായം നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിയാലിയാറ്റ്‌സ്‌കിയെ പിന്തുണയ്ക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്. ബെലാറസ് നേതാവ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ ഏകാധിപത്യ ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.
2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മൂന്ന് പേരിൽ ഒരാളായ അലസ് ബിയാലിയാറ്റ്സ്കി മനുഷ്യാവകാശ പ്രവര്‍ത്തകനും മനുഷ്യാവകാശ സംഘടനയായ വിയാസ്‌നയുടെ സ്ഥാപകനുമാണ്. തിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന പ്രതിഷേധത്തെത്തുടർന്ന് വിയാസ്‌നയിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പം 2021ലാണ് ബിയാലിയാറ്റ്‌സ്‌കി അറസ്റ്റിലാകുന്നത്. 2020-ൽ ആരംഭിച്ച പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നു. ബെലാറസ് നേതാവ് അലക്‌സാണ്ടർ ലുകാഷെങ്കോയെ വിമര്‍ശിച്ചവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു.
സംഘടനയിലെ അംഗങ്ങളായ വാലന്റൈൻ സ്റ്റെഫാനോവിച്ച്, വ്‌ളാഡിമിർ ലാബ്‌കോവിച്ച് എന്നിവർക്കൊപ്പമാണ് ബിയാലിയാറ്റ്‌സ്‌കി അറസ്റ്റ് ചെയ്യപ്പെട്ടത്. അലസ് ബിയാലിയാറ്റ്‌സ്‌കിക്ക് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ച കോടതി സ്റ്റെഫാനോവിച്ചിന് ഒമ്പത് വർഷം തടവും ലാബ്‌കോവിച്ചിന് ഏഴ് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.