മോൺസിഞ്ഞോർ ജോജി വടകര
വത്തിക്കാന്‍ : വലിച്ചെറിയലിന്റെ ഉപഭോഗസംസ്കാരം ഉപേക്ഷിച്ച് പ്രകൃതിവിഭവങ്ങളുടെയും വസ്തുവകകളുടെയും പുനരുപയോഗത്തിനും സംരക്ഷണത്തിനും വേണ്ടിയുളള പരിശ്രമങ്ങളാണ്, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിനുവേണ്ടി നാം നടത്തേണ്ടതെന്ന് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിലെ കൂടി മാലിന്യസംസ്കരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന “ഹെരാ ഗ്രൂപ്പിന്റെ (Hera Group) പ്രതിനിധികൾക്ക് ഒക്ടോബർ ഒന്നാം തീയതി വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്‌ച അനുവദിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
സൃഷ്ടിയുടെ സംരക്ഷണത്തിൽ നാമേവർക്കും കടമയുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ലോകത്തിന്റെ സംരക്ഷണം മനുഷ്യന് ദൈവം നൽകിയ അടിസ്ഥാന ഉത്തരവാദിത്വങ്ങളിലൊന്നാണെന്ന് പ്രസ്‌താവിച്ചു. അനിയന്ത്രിതമായ വിഭവ ഉപഭോഗവും വർധിച്ചുവരുന്ന മാലിന്യത്തിന്റെ ശേഖരണവും ഇന്നത്തെ കാലഘട്ടത്തിലെ പരിസ്ഥിതി വെല്ലുവിളികളെ കൂടുതൽ ഗുരുതരമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, ഉപയോഗശേഷം വസ്തുക്കളെ വെറും മാലിന്യമായി കാണുന്ന സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ടു.
ഉപഭോഗകേന്ദ്രീകൃതമായ മാതൃകയിൽനിന്ന് മാറി ഭൂമിയിലെ പരിമിതമായ വിഭവങ്ങൾ സംരക്ഷിക്കുന്ന മനോഭാവത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും, നാമേവരും, പ്രത്യേകിച്ച് ക്രൈസ്തവർ, സൃഷ്ടിയെ വിവേകപൂർവം ഉപയോഗിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പുനരുപയോഗവും ചാക്രിക ഉൽപാദനരീതിയും ഭാവിതലമുറകൾക്കായി സുസ്ഥിരമായ പരിസ്ഥിതി ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, ഫ്രാൻസിസ് പാപ്പായുടെ “ലൗദാത്തോ സി” (Laudato sì’, 21-22) ഇത്തരമൊരു ചാക്രിക സമ്പദ്‌വ്യവസ്ഥയുടെയും പുനരുപയോഗത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
സഭ താൻ പ്രഖ്യാപിക്കുന്ന ആശയങ്ങൾ ആദ്യം പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ച പാപ്പാ, പരസ്പര സഹകരണത്തിലൂടെ നമുക്കും പൊതുഭവനമായ ഭൂമിയെ കൂടുതൽ മനോഹരവും സൗഹൃദപരവുമാക്കാൻ കഴിയുമെന്ന് ഉദ്‌ബോധിപ്പിച്ചു.
വത്തിക്കാനിലെ മാലിന്യ സംസ്കരണ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഹേരാ ഗ്രൂപ്പ്, പരിസ്ഥിതിക്ക് ആഘാതം കുറഞ്ഞ വാഹനങ്ങൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ മാലിന്യശേഖരണത്തിനായി 2026 ഏപ്രിൽ മുതൽ വൈദ്യുതവാഹനമാണ് കമ്പനി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പുനരുപയോഗത്തിനുവേണ്ടിയുള്ള പദ്ധതികളും നടത്തിവരുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.