തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.ഇന്നലെയാണ് ചോദ്യം ചെയ്യൽ നടന്നത്. കേസുമായി ബന്ധപ്പെട്ട് അബ്ദുറഹിമാന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെക്കുറിച്ചും കരാർ നടപടികളിലെ പങ്കിനെക്കുറിച്ചും സംഘം വിശദമായി വിവരങ്ങൾ തേടിയെന്നാണ് വിവരം.
സ്പോൺസറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് അബ്ദുറഹിമാന്റെ ഭാഗത്തുനിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പോലും അറിയാതെ സ്പോൺസറുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫിസിൽനിന്ന് കത്തിടപാടുകൾ നടത്തിയെന്ന ആരോപണവും അന്വേഷണപരിധിയിലുണ്ട്. മന്ത്രിയുടെ പിഎയുടെ ഔദ്യോഗിക ഇ-മെയിൽ ഉപയോഗിച്ച് ചില ആശയവിനിമയങ്ങൾ നടത്തിയതായും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
സ്പോൺസറുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ മന്ത്രിയുടെ വ്യക്തിപരമായ താൽപര്യം ഉണ്ടായിരുന്നോ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി നേരിട്ട് ഇടപെടേണ്ട സാഹചര്യമെന്തായിരുന്നു തുടങ്ങിയ കാര്യങ്ങളിലും എസ്ഐടി വിശദീകരണം തേടിയെന്നാണ് വിവരം. മുൻ കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലും മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഇടപെടലുകളെക്കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നു.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും എസ്ഐടി ചോദിച്ചറിഞ്ഞതായാണ് സൂചന. യാത്രയുടെ ചെലവ്, ആരൊക്കെയാണ് സംഘത്തിലുണ്ടായിരുന്നത്, യാത്രയ്ക്കിടെ നടത്തിയ ഔദ്യോഗിക ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.