ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികകൾ എറിഞ്ഞ് ആക്രമണം. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന ആക്രമണത്തിൽ ക്ഷേത്രത്തിന് നാശനഷ്ടവും ഉണ്ടായി. ഗ്രേറ്റർ ക്ലീവ്ലാൻഡ് മേഖലയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായൺ വട്താൽ ധാം ഹിന്ദു മന്ദിറിന് നേരെ ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണമുണ്ടായത്. ഇഷ്ടികകൾ എറിഞ്ഞതിനെ തുടർന്ന് ക്ഷേത്രത്തിൻ്റെ ജനൽച്ചില്ലുകൾ തകർന്നു.
അതേസമയം, സംഭവസമയത്ത് പുരോഹിതരും വിശ്വാസികളും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നുവെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണെന്നും എഫ്ബിഐ ഉൾപ്പെടെയുള്ള അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും HAF വ്യക്തമാക്കി. ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും സംഘടന അറിയിച്ചു.
ആക്രമണം വിദ്വേഷ കുറ്റകൃത്യമായിരിക്കാമെന്നും പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ-അമേരിക്കൻ, ഹിന്ദു-അമേരിക്കൻ സമൂഹങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവമെന്നും സംഘടന ചൂണ്ടിക്കാട്ടി.സംഭവസമയത്ത് പുരോഹിതരും വിശ്വാസികളും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നുവെന്ന് കോയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും (CoHNA) അറിയിച്ചു. എന്നാൽ ആർക്കെങ്കിലും പരുക്കേറ്റോ എത്ര ജനൽച്ചില്ലുകൾ തകർന്നുവെന്നോ വ്യക്തമല്ല.
റിച്ച്മണ്ട് ഹൈറ്റ്സ് മേയർ കിം തോമസും പ്രാദേശിക അധികൃതരും സംഭവത്തെ അപലപിക്കണമെന്നും പ്രതിക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും CoHNA ആവശ്യപ്പെട്ടു. സംഭവത്തിൽ ഇതുവരെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
Leave a Comment
Your comment will be visible after admin approval.