വാഷിങ്ടണ്‍: ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഇത്തവണ 10,000 പേർക്ക് ജോലി നഷ്ടമാകും. സാമ്പത്തിക മാന്ദ്യ ആശങ്കയ്ക്കിടെ രണ്ടാംവട്ട പിരിച്ചുവിടൽ പ്രഖ്യാപിക്കുന്ന ആദ്യ വൻകിട ടെക് കമ്പനിയാണ് മെറ്റ. കഴിഞ്ഞ വര്‍ഷം നവംബറിൽ മെറ്റ 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഫേസ് ബുക്കിന്‍റെ 18 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായിരുന്നു ഇത്. ചില പ്രോജക്ടുകള്‍ കമ്പനി നിർത്തിവെക്കും. ഇവയുടെ ഭാഗമായ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കും.
“ഈ പുതിയ സാമ്പത്തിക യാഥാർഥ്യം വർഷങ്ങളോളം തുടരാന്‍ സാധ്യതയുണ്ട്. അതിനായി നാം സ്വയം തയ്യാറാകണം”- മെറ്റ മേധാവി മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. 2023നെ ‘കാര്യക്ഷമതയുടെ വർഷമായി’ മാറ്റുമെന്ന് സക്കർബർഗ് വാഗ്ദാനം ചെയ്തു. 2023ലെ ചെലവ് 86 ബില്യൺ ഡോളറിനും 92 ബില്യൺ ഡോളറിനും ഇടയിലാവുമെന്ന് മെറ്റ പ്രതീക്ഷിക്കുന്നു.
പുതിയ നിയമനങ്ങള്‍ കമ്പനി നിർത്തിവെച്ചു. മെറ്റയുടെ സ്വപ്നപദ്ധതിയായ മെറ്റാവേഴ്സിനായി ബില്യണ്‍ കണക്കിന് ഡോളറാണ് ഇതിനകം ചെലവഴിച്ചത്. എന്നാല്‍ കോവിഡിനു ശേഷം പരസ്യ വരുമാനത്തിലുള്ള കുറവ് ഉള്‍പ്പെടെ തിരിച്ചടിയായി. ടെക് മേഖലയില്‍ 2022ന്‍റെ തുടക്കം മുതൽ പിരിച്ചുവിടപ്പെട്ടത് ഏകദേശം 2,90,000 തൊഴിലാളികളാണ്.