മുഖ്യമന്ത്രി വി.ഡി. സതീശനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രതികരണം നടത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനും പിന്തുണച്ച മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി ക്കും നേരെ സോഷ്യൽ മീഡിയയിൽ സൈബർ കോൺഗ്രസ് അനുഭാവികളുടെ രൂക്ഷമായ വിമർശനവും പൊങ്കാലയും.
മുന്നണിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങൾ പലതും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ആരോപിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. പിന്നാലെയാണ് പിന്തുണയുമായി
ജെബി മേത്തറുടെ പിന്തുണയും എത്തുന്നത്.
അടൂർ പ്രകാശ് വളരെ മുതിർന്ന കോൺഗ്രസ് നേതാവാണെന്നും അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചതെന്നും പറഞ്ഞ ജെബി മേത്തർ, അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി തള്ളിക്കളയാൻ കഴിയില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അവർ കത്ത് നൽകുകയും ചെയ്തു.
പാർട്ടി ഭരണത്തിൽ വന്ന് ഏതാനും മാസങ്ങൾക്കകം തന്നെ നേതാക്കൾ പരസ്യമായി തമ്മിലടിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ കോൺഗ്രസ് സൈബർ അണികൾ രംഗത്തെത്തിയത്. ജെബി മേത്തറുടെയും അടൂർ പ്രകാശിന്റെയും പ്രസ്താവനകൾ അടങ്ങിയ വാർത്താ ലിങ്കുകൾക്കും വീഡിയോകൾക്കും താഴെ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ വരുന്നത്.
പാർട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങളൊന്നും ചെയ്യാത്തവരാണ് പദവികളിൽ ഇരുന്നുകൊണ്ട് പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയുന്നതെന്നാണ് പ്രധാന സൈബർ ആക്ഷേപം. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുന്നിൽ പറയാതെ പാർട്ടി വേദികളിലാണ് തീർക്കേണ്ടിയിരുന്നതെന്നും, ഇത്തരം പരസ്യ പ്രതികരണങ്ങൾ പ്രതിപക്ഷത്തിന് ആയുധം നൽകുകയേ ഉള്ളൂവെന്നും സൈബർ പോരാളികൾ കമന്റുകളിലൂടെ വിമർശിക്കുന്നു.
Leave a Comment
Your comment will be visible after admin approval.