തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ നിയമപരിരക്ഷ നീക്കണം: പ്രിയങ്ക ഗാന്ധി

Global Indian Writer · October 4, 2026 · 1 min read · 0 Comments · 0 Shares

തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ നിയമപരിരക്ഷ നീക്കണമെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംരക്ഷണം കമ്മിഷണർ എന്തു ചെയ്താലും അദ്ദേഹത്തെ രക്ഷിക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. ശനിയാഴ്ച മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ക്രിമിനൽ വിചാരണ നേരിടണമെന്നും നിയമപരിരക്ഷയുടെ പേരിൽ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ അനുവദിക്കരുതെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്താൻ ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ സഹായിക്കുന്നുണ്ടെങ്കിൽ, അതിനെ ന്യായീകരിക്കാനും ശ്രമിക്കുമെന്ന് പ്രിയങ്ക ആരോപിച്ചു. ഓരോ തിരഞ്ഞെടുപ്പിനു മുമ്പും ലഭിക്കാനിരിക്കുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കുന്ന ബിജെപി നേതാക്കളുടെ അമിത ആത്മവിശ്വാസമുള്ള പ്രസ്താവനകളും അവർ ചോദ്യം ചെയ്തു.

ജനങ്ങളിൽനിന്നു നേരിട്ട് കേൾക്കുന്ന അഭിപ്രായങ്ങളും തിരഞ്ഞെടുപ്പ് ഫലങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് പ്രിയങ്കയുടെ ആരോപണം. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ച അടിയന്തര ആവശ്യമെന്നും അവർ വ്യക്തമാക്കി. നടക്കുന്നത് നിയമവിരുദ്ധമാണെന്ന നിലപാടിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും നേതാക്കളും ഒറ്റക്കെട്ടാണെന്നും ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.