വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ ഇ.പി ജയരാജനെതിരെ സിപിഎം അന്വേഷണം

Global Indian Writer · November 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഎം നേതാവ് ഇ.പി ജയരാജനെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. പി. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. കെ.എൻ ബാലഗോപാലും, ടി.പി രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.


വൈദേകം റിസോർട്ടിലെ സാമ്പത്തിക ഇടപാടുകൾ, നിക്ഷേപം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ഇ.പി ജയരാജന്റെ മരുമകന്റെ ഫെയ്സ്ബുക്ക് പോസ്റ്റോടുകൂടി വീണ്ടും വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാ​​ദങ്ങൾ ഉടലെടുത്തത്. നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അന്വേഷണത്തിന് തീരുമാനമെടുത്തത്. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിലായിരുന്നു നിർണായക തീരുമാനമെടുത്തത്.


വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സഹോദരിയുടെ മകന്‍ ഇ.പി ശ്യാംജിത്തിനും റിപ്പോര്‍ട്ടര്‍ ചാനലിനും ഇ.പി ജയരാജൻ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വേണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇ.പിയുടെ ഭാര്യ വൈദേകത്തില്‍ നിക്ഷേപിച്ചത് ശശിധരന്‍ കര്‍ത്തയുടെ പണമെന്നായിരുന്നു ശ്യാംജിത്തിന്റെ ആരോപണം.

തന്റെ ഭാര്യയെ കേസില്‍ കുടുക്കിയത് ഇ.പി ജയരാജന്‍ ഇടപെട്ടിട്ടാണെന്ന് ശ്യാംജിത്ത് ആരോപിച്ചിരുന്നു. എഫ്‌ഐആര്‍ ഇടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇ.പി ജയരാജനും പി.കെ ശ്രീമതിയും പി.കെ ഇന്ദിരയും തിരുവനന്തപുരത്ത് വെച്ച് കണ്ടെന്നും വൈദേകം റിസോര്‍ട്ടിലെ 12 വര്‍ഷത്തെ സേവനത്തിന് ഭാര്യ ദീപയ്ക്ക് നിയമപരമായി ലഭിക്കേണ്ടുന്ന ആനുകൂല്യം തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും വൈദേകം റിസോര്‍ട്ടിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ശ്യാംജിത്ത് പറഞ്ഞിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.