എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും കാമുകിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു

Global Indian Writer · October 5, 2026 · 1 min read · 0 Comments · 0 Shares

വാഷിംഗ്ടണ്‍: ദീർഘകാല പ്രണയത്തിനൊടുവിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും കാമുകിയും കൺട്രി സംഗീത ഗായികയുമായ അലക്സിസ് വിൽകിൻസും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ഞായറാഴ്ച വൈകിട്ട് ഇരുവരും എക്‌സിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. 27കാരിയായ വിൽകിൻസ്, 46കാരനായ പട്ടേലിനൊപ്പമുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ചിത്രം എക്‌സിൽ പങ്കുവച്ചു. വിൽകിൻസ് പങ്കുവച്ച ചിത്രം പട്ടേലും വീണ്ടും പങ്കിട്ടു.

കൈയിലെ വിവാഹനിശ്ചയ മോതിരം പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം “Went and got the law involved” എന്ന കുറിപ്പും നൽകി. 2025ൽ പട്ടേൽ എഫ്ബിഐ ഡയറക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പുതന്നെ ഇരുവരും പ്രണയത്തിലായിരുന്നു. പട്ടേലിന്റെ സ്ഥാനാരോഹണ ചടങ്ങിലും വിൽകിൻസ് പങ്കെടുത്തിരുന്നു. കൺട്രി ഗായികയും രാഷ്ട്രീയ നിരീക്ഷകയുമായ വിൽകിൻസ് 2023ലാണ് ആദ്യ ആൽബം പുറത്തിറക്കിയത്.

യാഥാസ്ഥിതിക രാഷ്ട്രീയ സംഘടനകളുമായി ബന്ധമുള്ള അവർ തന്റെ വെബ്സൈറ്റിൽ “രാജ്യത്തിന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനൊപ്പം സമകാലിക പ്രസക്തിയും അഭിപ്രായങ്ങളും ഉൾപ്പെടുത്തുന്നു” എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നിയമപാലനവുമായി നേരിട്ട് ബന്ധമില്ലാത്ത യാത്രകൾക്കായി സർക്കാർ വിമാനങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ പട്ടേൽ നേരത്തെ വിമർശനം നേരിട്ടിരുന്നു.

വിൽകിൻസ് ദേശീയഗാനം ആലപിച്ച ഒരു പ്രൊഫഷണൽ ഗുസ്തി പരിപാടിയിൽ പങ്കെടുക്കാൻ പെൻസിൽവാനിയയിലെ സ്റ്റേറ്റ് കോളജിലേക്ക് എഫ്ബിഐ വിമാനം ഉപയോഗിച്ച് യാത്ര ചെയ്തതും ഇതിൽ ഉൾപ്പെടുന്നു. പരിപാടിക്ക് പിന്നാലെ വിൽകിൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ ഇരുവരും പുഞ്ചിരിച്ചുനിൽക്കുന്നതും വിൽകിൻസ് വലുപ്പമേറിയ സ്വർണനിറത്തിലുള്ള ചാംപ്യൻഷിപ്പ് ബെൽറ്റ് കൈയിൽ പിടിച്ചിരിക്കുന്നതും കാണാമായിരുന്നു.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയറിലും’ വിൽകിൻസ് കലാപരിപാടി അവതരിപ്പിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.