സ്റ്റോക്കോം ∙ 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബെൽജിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസന്. അന്റാർട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ സ്ഥാപിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റക്ടറായ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർമാണത്തിനും അതിന്റെ നേതൃത്വത്തിനും പ്രപഞ്ചത്തിലെ ഉയർന്ന ഊർജമുള്ള അസ്ട്രോഫിസിക്കൽ ന്യൂട്രിനോകളെയും അവയുടെ ഉറവിടങ്ങളെയും കണ്ടെത്തിയതിനുമാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനം. നിലവിൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിൽ പ്രഫസറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
1944 മാർച്ച് 23 ന് ബെൽജിയത്തിൽ ജനിച്ച ഫ്രാൻസിസ് ഹാൽസൻ പ്രമുഖ കണികാ ശാസ്ത്രജ്ഞനാണ്. 1980കളുടെ അവസാനം മുതൽ അദ്ദേഹം ദക്ഷിണ ധ്രുവത്തിലെ അന്റാർട്ടിക് മഞ്ഞുമലകൾക്കുള്ളിൽ ന്യൂട്രിനോകളെ കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ പങ്കാളിയാണ്. ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കാരണമാണ് പ്രപഞ്ചത്തിൽ കണ്ടെത്താൻ പ്രയാസമുള്ള കണികകളെ കണ്ടെത്താൻ സഹായിച്ചത്. പ്രപഞ്ചത്തിലെ അതിശക്തമായ പ്രതിഭാസങ്ങളായ ബ്ലാക്ക് ഹോളുകൾ, പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ (സൂപ്പർനോവ) എന്നിവയിൽനിന്നു വരുന്ന അതിവേഗ ന്യൂട്രിനോകളെ കണ്ടെത്താൻ ഐസ്ക്യൂബ് വഴി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘത്തിനു കഴിഞ്ഞിരുന്നു.
കഴിഞ്ഞ വർഷം (2025) ജോൺ ക്ലാർക്ക്, മൈക്കൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്കായിരുന്നു ഊർജതന്ത്ര നൊബേൽ. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിങ്, ഇലക്ട്രിക് സർക്യൂട്ടിലെ എനർജി ക്വാണ്ടൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളായിരുന്നു ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. 1901 മുതൽ ആരംഭിച്ച ഊർജതന്ത്ര നൊബേൽ സമ്മാനം ഇതുവരെ 119 തവണയായി 230 ശാസ്ത്രജ്ഞർക്ക് ലഭിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.