മസ്കത്ത്: ശീതകാല സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി മസ്കത്തിലേക്കുള്ള സർവീസുകൾ വികസിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സപ്രസ്. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും മസ്കത്തിലേക്കും സർവീസുകൾ ഉണ്ടാകും. എന്നാൽ എത്ര പുതിയ സർവീസുകൾ ഉണ്ടാകുമെന്നോ ഏതൊക്കെ ഇന്ത്യൻ നഗരങ്ങളിൽ നിന്നാണ് സർവീസുകൾ എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
2027 മാർച്ച് 27 വരെ നീളുന്ന വിന്റർ 2026 ഷെഡ്യൂളിന്റെ ഭാഗമായി, ഇന്ത്യ-പശ്ചിമേഷ്യ സർക്യൂട്ടിൽ പ്രതിദിനം 135 സർവീസുകൾ വരെ നടത്താനാണ് എയർ ഇന്ത്യ എക്സ്പ്രസ് പദ്ധതിയിടുന്നത്. 88 നോൺ-സ്റ്റോപ്പ് റൂട്ടുകളിലായി 23 ഇന്ത്യൻ നഗരങ്ങളെ 12 പ്രാദേശിക ഗേറ്റ്‌വേകളുമായി ഇത് ബന്ധിപ്പിക്കും. ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി, യുഎഇ എന്നീ രാജ്യങ്ങളാണ് ഈ ശൃംഖലയിൽ ഉൾപ്പെടുന്നത്.
ബംഗളൂരു, ഡൽഹി, മുംബൈ, കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്നും മസ്കത്ത്, ദുബൈ, അബൂദബി, ഷാർജ, ദോഹ, കുവൈത്ത് സിറ്റി, കൂടാതെ ചില സൗദി നഗരങ്ങൾ എന്നിവയുൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയാണെന്ന് എയർലൈൻ അറിയിച്ചു.
തൊഴിൽ, കുടുംബ സന്ദർശനം, വിനോദയാത്ര എന്നിവക്കായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് വിപുലീകരിച്ച ഈ ഷെഡ്യൂളിലൂടെ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിലുടനീളമുള്ള വലിയ ഇന്ത്യൻ സമൂഹത്തെ ഇത് സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, ശീതകാല സീസണിൽ പശ്ചിമേഷ്യയിലേക്കുള്ള ചില റൂട്ടുകളിൽ നവീകരിച്ച വിമാനങ്ങൾ വിന്യസിക്കാനും എയർ ഇന്ത്യ എക്സ്പ്രസ് പദ്ധതിയിടുന്നുണ്ട്. എന്നാൽ ഒമാനിലേക്കുള്ള സർവീസുകളിൽ ഇവ ഉൾപ്പെടുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Leave a Comment
Your comment will be visible after admin approval.