ദോഹ : രാജ്യത്തെ പൗരന്മാരും പ്രവാസി താമസക്കാരും മാർബെർഗ് വൈറസ് വ്യാപകമായ ടാൻസനിയ, ഇക്വറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം. ഇവിടങ്ങളിൽ നിന്ന് വരുന്നവർ ആദ്യ 21 ദിവസം രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതർ.
നിലവിൽ ഈ രാജ്യങ്ങളിലുള്ള ഖത്തർ പൗരന്മാരും പ്രവാസി താമസക്കാരും പ്രാദേശിക ആരോഗ്യ അതോറിറ്റികൾ നിർദേശിക്കുന്ന പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. വൈറസ് വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മേഖലാ, രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പനി,തലവേദന, പേശി വേദനയും കടുത്ത അസ്വസ്ഥതയും, വയറിളക്കം, ഛർദി, ചർമ്മത്തിൽ തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ഐസലേഷനിൽ കഴിയണമെന്നും 16000 എന്ന ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.